യുപിയില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസില്‍ ട്രക്കിടിച്ച് 4 മരണം;നിരവധി പേര്‍ക്ക് പരിക്ക്
നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്ന ബസില്‍ ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കുടിയേറ്റ തൊഴിലാളികള്‍ സഞ്ചരിച്ച ബസില്‍ ട്രക്ക് ഇടിച്ച് നാല് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്ന ബസില്‍ ട്രക്കിടിച്ചാണ് അപകടം ഉണ്ടായത്.
യുപി ബരാബങ്കിയിലെ മഹുന്‍ഗുപുരിന് സമീപത്ത് ശനിയാഴ്ചയാണ് അപകടം നടന്നത്. ഡബിള്‍ ഡെക്കര്‍ ബസിന്റെ പിന്നിലാണ് ട്രക്ക് ഇടിച്ചത്.ബസ്സിന്റെ ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് ഡ്രൈവര്‍ റോഡരികില്‍ വാഹനം നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടയിലാണ് അപകടമുണ്ടായത്.അമിതവേഗതയിലെത്തിയ ട്രക്ക് ബസില്‍ ഇടിക്കുകയായിരുന്നു.
ബസില്‍ 60 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്.ഇതില്‍ നാലു പേര്‍ മരിച്ചു. 24 ഓളം പേര്‍ക്ക് പരിക്കേറ്റതായി ബരാബങ്കി സീനിയര്‍ പോലിസ് ഓഫിസര്‍ പൂര്‍ണേന്ദു സിങ് പറഞ്ഞു.പരിക്കേറ്റവരെ ബരാബങ്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതില്‍ ആറുപേരെ ലഖ്‌നൗ ട്രോമ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്.ബാക്കിയുള്ള യാത്രക്കാര്‍ സുരക്ഷിതരാണെന്നും അവരെ നേപ്പാളിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണെന്നും സിങ് പറഞ്ഞു.മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൂര്‍ണേന്ദു സിങ് പറഞ്ഞു.