ഉര്‍ദുഗാന്റെ ആരോപണങ്ങളെ ഫ്രാന്‍സ് അപലപിച്ചു: ഉപരോധം പരിഗണനയിലെന്നും മുന്നറിയിപ്പ്

തുര്‍ക്കിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ ഫ്രാന്‍സ് മാത്രമല്ല, യുറോപ്യന്‍ കൗണ്‍സിലും ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ തുര്‍ക്കി ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും ജീന്‍-യെവ്‌സ് ലെ ഡ്രയാന്‍ വ്യക്തമാക്കി.

Update: 2020-11-05 13:33 GMT

പാരീസ്: തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ നടത്തിയ ''അക്രമ പ്രഖ്യാപനങ്ങളെ'' ഫ്രാന്‍സ് അപലപിച്ചു. തുര്‍ക്കിക്കെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നുംഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-യെവ്‌സ് ലെ ഡ്രയാന്‍ യൂറോപ്പ് 1 റേഡിയോയോട് പറഞ്ഞു.

ഇസ്ലാം ആഗോളതലത്തില്‍ ''പ്രതിസന്ധിയിലായ'' ഒരു മതമാണെന്ന മാക്രോണിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി ഉര്‍ദുഗാന്‍, മുസ്ലിംലോകം ഫ്രഞ്ച് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി പ്രസിഡന്റ് ഇപ്പോള്‍ സ്ഥിരമായി വെറുപ്പിന്റെ പ്രഖ്യാപനങ്ങള്‍ നടത്തുകയാണെന്നും ജീന്‍-യെവ്‌സ് ലെ ഡ്രയാന്‍ പറഞ്ഞു. തുര്‍ക്കി തീവ്ര ദേശീയവാദിയായ ഗ്രേ വോള്‍വ്‌സ് ഗ്രൂപ്പിനെ ഫ്രാന്‍സ് വിലക്കിയിരുന്നു. ഇതിനെതിരെ സാധ്യമായ വിധത്തില്‍ പ്രതികരിക്കുമെന്ന് തുര്‍ക്കി ബുധനാഴ്ച പറഞ്ഞിരുന്നു.

തുര്‍ക്കിയുടെ പ്രഖ്യാപനങ്ങള്‍ക്കെതിരെ ഫ്രാന്‍സ് മാത്രമല്ല, യുറോപ്യന്‍ കൗണ്‍സിലും ഉപരോധം ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഇത് ഒഴിവാക്കാന്‍ തുര്‍ക്കി ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടത് പ്രധാനമാണെന്നും ജീന്‍-യെവ്‌സ് ലെ ഡ്രയാന്‍ വ്യക്തമാക്കി.

തന്റെ വാക്കുകള്‍ ഇസ്ലാമിന് എതിരല്ലെന്നും 'ഇസ്‌ലാമിക വിഘടനവാദത്തിനെതിരെ ആണെന്നും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ പറഞ്ഞിരുന്നു. ഒരിക്കലും ഇസ്‌ലാമിനെതിരെ അല്ല എന്ന് മാക്രോണ്‍ അടിവരയിട്ടു. തെറ്റായിട്ടാണ് ഇത് റിപോര്‍ട്ട് ചെയ്യപ്പെട്ടതെന്നും പിന്നീട് പത്രത്തിന്റെ വെബ്സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തതായും മാക്രോണ്‍ പറഞ്ഞു.

Tags:    

Similar News