ചികിത്സാ സഹായത്തിന്റെ പേരില്‍ തട്ടിപ്പ്; മാതാവും മകളും പിടിയില്‍, മകന്‍ ഒളിവില്‍

പ്രതികള്‍ കുടുംബത്തോടെ തട്ടിപ്പ്കാരാണെന്നും പോലീസ് പറഞ്ഞു.

Update: 2021-07-11 05:56 GMT

കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന പേരില്‍ തട്ടിപ്പ് നടത്തിയ പണം കൈവശപ്പെടുത്തിയ മാതാവും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരില്‍ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യന്‍ (59) അനിത ടി. ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂര്‍ പോലീസിന്റെ പിടിയിലായത്. സംഭവത്തില്‍ മറിയാമ്മയുടെ മകനും കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജോലിക്കാരനുമായ അരുണ്‍ ജോസഫ് ഒളിലിവാണ്.


രായമംഗലം സ്വദേശി മന്‍മഥന്‍ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളില്‍ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍ ചേര്‍ത്ത് പ്രചരിപ്പിക്കുകയായിരുന്നു പ്രതികള്‍. ഇതുവഴി വന്‍തുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. എന്നാല്‍ ഫേസ്ബുക്കില്‍ കുട്ടിയുടെ ചിത്രത്തോടൊപ്പം ചേര്‍ത്തിരുന്ന അക്കൗണ്ട്,ഗൂഗിള്‍ പേ നമ്പറുകളില്‍ സംശയം തോന്നിയ ഒരു ഡോക്ടര്‍ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് മറിയാമ്മയുടെയും മക്കളുടേയും തട്ടിപ്പ് തിരിച്ചറിഞ്ഞത്.


പ്രതികളുടെ അക്കൗണ്ടിലേക്ക് വന്ന തുക അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതില്‍ ഒരു ലക്ഷത്തോളം രൂപ പിന്‍വലിച്ചിട്ടുമുണ്ട്. ഇവര്‍ വേറെയും ഇത്തരം തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എ.സി.പി കെ. ലാല്‍ജി പറഞ്ഞു. പ്രതികള്‍ കുടുംബത്തോടെ തട്ടിപ്പ്കാരാണെന്നും പോലീസ് പറഞ്ഞു. പാലാ കീഴതടിയൂര്‍ സഹകരണ ബാങ്കില്‍ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസില്‍ പ്രതിയാണ് മറിയാമ്മ. ഈ ബാങ്കില്‍ ജോലി ചെയ്തുവരുമ്പോഴായിരുന്നു തട്ടിപ്പ്.


മകന്‍ അരുണ്‍ വ്യാജ നോട്ട് കേസില്‍ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പാലായില്‍ സിവില്‍ സ്‌റ്റേഷന് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുണ്‍ 2000 രൂപയുടെ കളര്‍ പ്രിന്റെടുത്ത് സി.ഡി.എം. യന്ത്രത്തില്‍ നിക്ഷേപിക്കുകയും പിന്നീട് പിന്‍വലിക്കുകയുമായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് പിടിയിലായ അനിത ടി. ജോസഫ്.




Tags:    

Similar News