ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി; സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം
ഗസ: ജനുവരി എട്ടിന് ഗസയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്‌നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം. രണ്ട് മൃതദേഹങ്ങളാണ് രണ്ട് ദിവസം മുമ്പ് കണ്ടെടുത്തത്. ഇതിലൊന്ന് 52-കാരന്‍ യൂസഫ് അല്‍ സയാദ്‌നിയുടേത് ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ഹംസ. യൂസഫിന്റെ മൃതദേഹം, കണ്ടെത്തിയ ഉടന്‍ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഹംസയുടേത് വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞത്. തെക്കന്‍ ഗസയിലെ ഭൂഗര്‍ഭ ടണലില്‍നിന്നാണ് ഇസ്രായേല്‍ സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ ഇസ്രായേലിന് നേര്‍ക്ക് നടത്തിയ മിന്നലാക്രമണവേളയിലാണ് യൂസഫും ഹംസയും ഉള്‍പ്പെടെ 250-ഓളംപേരെ ഹമാസ് ബന്ദികളാക്കിയത്. യൂസഫിന്റെ മറ്റു രണ്ടുമക്കള്‍ കൂടി അന്ന് ബന്ദികളാക്കപ്പെട്ടുവെന്നും സൂചനയുണ്ട്.