പതിനായിരത്തില്‍ നിന്നു രണ്ട് ലക്ഷത്തിലേക്ക്; ഒറ്റ ദിവസം കൊണ്ട് മനാഫിന്റെ യൂട്യൂബ് ചാനലിന് വന്‍ കുതിപ്പ്

ഇപ്പോള്‍ 2 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്

Update: 2024-10-03 11:34 GMT

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിലുണ്ടായ വിവാദങ്ങള്‍ക്കിടെ കുതിച്ചുയര്‍ന്ന് മനാഫിന്റെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബേഴ്സ്. ഇപ്പോള്‍ 2 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരാണ് ചാനലിനുള്ളത്. ലോറി ഉടമ മനാഫ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിന്റെ പേരില്‍ ഇന്നലെ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യൂട്യൂബ് ചാനലില്‍ 2 ലക്ഷം സബ്സ്‌ക്രൈബേഴ്സ് കൂടിയത്. ഒറ്റ ദിവസം കൊണ്ടാണ് പതിനായിരത്തില്‍നിന്നു രണ്ട് ലക്ഷമായത്.

കുടുംബത്തെ കുറിച്ച് അസത്യം പ്രചരിപ്പിക്കുന്നുവെന്നും പലയിടങ്ങളില്‍നിന്നും അര്‍ജുന്റെ പേരില്‍ ഫണ്ട് സ്വരൂപിക്കുന്നുവെന്നും അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും അര്‍ജുന്റെ സഹോദരന്‍ അഭിജിത്തും ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. മീഡിയ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയല്ലാതെ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളെ നേരിട്ട് വിളിച്ചിട്ടില്ല,' അര്‍ജുന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങളില്‍ അര്‍ജുന്റെ കുടുംബം തെളിവുകള്‍ കാണിക്കുകയാണെങ്കില്‍ മാനാഞ്ചിറയില്‍ വന്ന് നില്‍ക്കാമെന്നും തെറ്റുണ്ടെങ്കില്‍ തന്നെ കല്ലെറിഞ്ഞ് കൊന്നോട്ടെയെന്നും മനാഫ് പറഞ്ഞിരുന്നു. കുടുംബം നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ അര്‍ജുന്റെ വീട്ടുകാരെ നേരില്‍ കാണുമെന്നും അമ്മയെ സത്യമറിയിക്കുമെന്നും മനാഫ് പറഞ്ഞിരുന്നു. ആരോപണങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ മനാഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയതരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളാണ് നിറയുന്നത്. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. സംഘപരിവാര്‍ അനുകൂലിയായതുകൊണ്ടാണ് ജിതിന്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നതെന്ന ആരോപണങ്ങളും ശക്തമാണ്.

Tags:    

Similar News