ആശങ്കകള്‍ പരിഹരിച്ചു: ഡിന്നി ചാക്കോയുടെ മൃതദേഹം സംസ്‌ക്കരിച്ചു

കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 12 അടി താഴ്ത്തി പള്ളി സെമിത്തേരിയില്‍ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്നായിരുന്നു നാട്ടുകാരുടെയും ഇടവക ഭാരവാഹികളുടെയും വാദം.

Update: 2020-06-10 17:58 GMT

തൃശൂര്‍: ചാലക്കുടിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ഡിന്നി ചാക്കോയുടെ മൃതദേഹം ചാലക്കുടി തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.പള്ളിയില്‍ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ പരിഹരിച്ച ശേഷമാണ് സംസ്‌ക്കാരം നടത്തിയത്. കൊവിഡ് രോഗിയുടെ മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യുന്നതിനെ ഇടവക ഭാരവാഹികളും നാട്ടുകാരും എതിര്‍ത്തിരുന്നു. എന്നാല്‍ പളളിയില്‍ തന്നെ അടക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടതോടെ തര്‍ക്കം മുറുകി. ഇതോടെ ജില്ലാ ഭരണകൂടം ഇടപെടുകയായിരുന്നു.


കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് 12 അടി താഴ്ത്തി പള്ളി സെമിത്തേരിയില്‍ കുഴിയെടുക്കാന്‍ ചതുപ്പു പ്രദേശമായതിനാല്‍ സാധിക്കില്ലെന്നായിരുന്നു നാട്ടുകാരുടെയും ഇടവക ഭാരവാഹികളുടെയും വാദം. നിലവില്‍ പള്ളിയുടെ സെമിത്തേരിയില്‍ കോണ്‍ക്രീറ്റ് അറകളിലാണു മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നത്. കോവിഡ് നിയമപ്രകാരം ഇതു സാധിക്കില്ല. വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിച്ച ശേഷം അവശിഷ്ടങ്ങള്‍ സെമിത്തേരിയിലെ അറകളില്‍ സൂക്ഷിക്കാമെന്നു പള്ളി അധികൃതര്‍ നിലപാടെടുത്തുവെങ്കിലും ബന്ധുക്കള്‍ ഇത് അംഗീകരിച്ചില്ല. ജില്ലാ കലക്ടര്‍ സ്ഥലം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കോവിഡ് മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് ആഴത്തിലുള്ള കുഴിയെടുത്താണ് ശവസംസ്‌ക്കാരം നടത്തിയത്.




Tags:    

Similar News