സ്വന്തം മണ്ഡലത്തില്‍ പിപി ചിത്തരജ്ഞനെ ഒഴിവാക്കി പാര്‍ട്ടി പരിപാടി; ഉദ്ഘാടകന്‍ സജി ചെറിയാന്‍; ആലപ്പുഴ സിപിഎമ്മില്‍ വിഭാഗീയത കനക്കുന്നു
ചിത്തരഞ്ജന്‍ നേരത്തെ സജി ചെറിയാന്‍ വിഭാഗത്തിനൊപ്പമായിരുന്നെങ്കിലും ജി സുധാകരനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. സുധാകരനെ കീഴ്ഘടകങ്ങളുമായി ചേര്‍ത്ത് സമവായ നീക്കങ്ങള്‍ നടത്താന്‍ ചിത്തരഞ്ജന്‍ ശ്രമിക്കുന്നെന്നും റിപോര്‍ട്ടുകളുണ്ട്
തിരുവനന്തപുരം: സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് പിപി ചിത്തരജ്ഞന്‍ എംഎല്‍എയെ ഒഴിവാക്കിയത് ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത കനപ്പിക്കുന്നു. നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജി സുധാകരനെതിരേ ഉയര്‍ന്ന ആരോപണവും ഇപ്പോള്‍ പിപി ചിത്തരജ്ഞനെ ഒഴിവാക്കിയതുമാണ് വിഭാഗീയത കൂട്ടുന്നത്. പിപി ചിത്തരജ്ഞന്‍ എംഎല്‍എയെ സ്വന്തം മണ്ഡലത്തിലെ പാര്‍ട്ടി പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദം.
ആലപ്പുഴ നോര്‍ത്ത് ഏരിയയിലെ സിപിഎം കൊമ്മാടി ലോക്കല്‍ കമ്മിറ്റി നാളെ നടത്തുന്ന മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെ ആദരിക്കുകയും വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്യുന്ന പരിപാടിയില്‍ നിന്നാണ് സ്ഥലം എംഎല്‍എയെ ഒഴിവാക്കിയത്.
മന്ത്രി സജി ചെറിയാനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സ്ഥലം എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറേയേറ്റ് അംഗവുമായ പിപി ചിത്തരഞ്ജനെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയതാണ് വിവാദമായത്. പരിപാടിക്കായി ലോക്കല്‍ സെക്രട്ടറി സെക്രട്ടറിയുടെ പേരിലിറങ്ങിയ നോട്ടീസില്‍ ചിത്തരജ്ഞന്‍ ഒഴികെയുള്ള നേതാക്കളുടെ പേരുണ്ട്. സിപിഎം എംഎല്‍എയെ പാര്‍ട്ടി സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുപ്പിക്കാത്തതില്‍ പ്രതിഷേധമുണ്ട്.
നേരത്തെയും പാര്‍ട്ടി കീഴ്ഘടകങ്ങള്‍ ചിത്തരഞ്ജനെ തഴയുന്നെന്ന തരത്തില്‍ റിപോര്‍ട്ടുകളുണ്ടായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ചിത്തരഞ്ജന് മണ്ഡലത്തില്‍ ഉയര്‍ന്ന ലീഡുണ്ടായിരുന്നെങ്കിലും കൊമ്മാടിയില്‍ സിപിഎം ലീഡ് കുത്തനെ ഇടിഞ്ഞിരുന്നു. ഇത് പിന്നീട് ചര്‍ച്ചയാവുകയും വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി പരിപാടിയില്‍നിന്ന് സ്ഥലം എംഎല്‍എയെ ഒഴിവാക്കിയിരിക്കുന്നത്.
ചിത്തരഞ്ജന്‍ നേരത്തെ സജി ചെറിയാന്‍ വിഭാഗത്തിനൊപ്പമായിരുന്നെങ്കിലും ജി സുധാകരനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന നിലപാട് സ്വീകരിച്ചിരുന്നു. സുധാകരനെ കീഴ്ഘടകങ്ങളുമായി ചേര്‍ത്ത് സമവായ നീക്കങ്ങള്‍ നടത്താന്‍ ചിത്തരഞ്ജന്‍ ശ്രമിക്കുന്നെന്നും റിപോര്‍ട്ടുകളുണ്ട്.
സംഘടനാ തിരിഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ പാര്‍ട്ടി കീഴ്ഘകടങ്ങളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സിപിഎമ്മിന് വലിയ വെല്ലുവിളി സൃഷ്ടിക്കും.