ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;വയനാട്ടില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം

കേസില്‍ പുതിയ സംഘത്തെക്കൊണ്ട് വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം

Update: 2022-08-20 03:59 GMT
ഗാന്ധി ചിത്രം തകര്‍ത്ത സംഭവം;വയനാട്ടില്‍ ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
കല്‍പ്പറ്റ:രാഹുല്‍ഗാന്ധിയുടെ ഓഫിസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വയനാട് ജില്ലയിലെ വിവിധയിടങ്ങളില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും. കേസില്‍ പുതിയ സംഘത്തെക്കൊണ്ട് വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമനടപടികളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗാന്ധി ചിത്രം തകര്‍ന്ന കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് സ്റ്റാഫ് ഉള്‍പ്പടെ നാല് പേരെ പോലിസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിലെ പേഴ്‌സണല്‍ അസിസ്റ്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ്ആര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഓഫിസ് ആക്രമണക്കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കി എസ്പിയുടെ അന്വേഷണ റിപോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു.മഹാത്മാ ഗാന്ധിയുടെ ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്നായിരുന്നു റിപോര്‍ട്ട്.

Tags:    

Similar News