കോട്ടയം: കോട്ടയത്ത് പോലിസുകാര്‍ക്ക് ഗുണ്ടാമാഫിയകളുമായി ബന്ധമുണ്ടെന്ന ദക്ഷിണ മേഖലാ ഐജിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പിക്കെതിരേയും നടപടി. തുടരന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാറിനെ സ്ഥലംമാറ്റി. പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കുഴപ്പണ കടത്ത്, ലഹരി കടത്ത്, ഹണി ട്രാപ്പ്, വഞ്ചനാ കുറ്റം തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ ഏറ്റുമാനൂര്‍ സ്വദേശി അരുണ്‍ ഗോപനുമായി ബന്ധമുണ്ടെന്ന ഐജി പ്രകാശ് നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം.
ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ അടക്കമുള്ള ജില്ലയിലെ പോലിസ് ഉദ്യോസ്ഥര്‍ക്ക് ക്രിമിനല്‍ ബന്ധമുണ്ടെന്ന് ജില്ലാ പോലിസ് മേധാവിയുടെ അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച റിപോര്‍ട്ട് ദക്ഷിണമേഖല ഐജിക്ക് കൈമാറുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തില്‍ നേരത്തെ മൂന്ന് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
ഇതിനു പിന്നാലെയാണ് ഡിവൈഎസ്പിക്കെതിരേയും നടപടിയുണ്ടായത്. ഇതേ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോട്ടയം സൈബര്‍ പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ ആയിരുന്ന അരുണിനെ കഴിഞ്ഞ ദിവസം മലപ്പുറത്തേക്ക് മാറ്റിയിരുന്നു. മലപ്പുറത്തും സൈബര്‍ പോലിസ് സ്‌റ്റേഷനിലാണ് ഇയാളെ നിയമിച്ചത്. ഗുണ്ട അരുണ്‍ ഗോപനുമായി ക്രമസമാധാന ചുമതലയുള്ള ഡിവൈഎസ്പിക്കും, ഒരു ഇന്‍സ്പക്ടര്‍ക്കും, രണ്ട് പോലിസുകാര്‍ക്കും അടുത്ത ബന്ധമെന്നാണ് ഐജി റിപോര്‍ട്ട് നല്‍കിയത്.
ഹണിട്രാപ്പ് കേസില്‍ കോട്ടയം വെസ്റ്റ് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരുണ്‍ ഗോപനെ കസ്റ്റഡിയിലെടുത്തതോടെയാണ് പോലിസുമായുള്ള ബന്ധം വ്യക്തമായത്. ഇയാളെ സ്‌റ്റേഷനിലെത്തിച്ചപ്പോള്‍ രാത്രി ചങ്ങനാശേരി ഡിവൈഎസ്പി കാണാനെത്തി. ഡിവൈഎസ്പി അരുണ്‍ ഗോപനോട് ദേഷ്യപ്പെട്ട് സംസാരിച്ചു. അരുണ്‍ഗോപന്‍ തിരിച്ചും ചൂടായി. ഇത് സ്‌റ്റേഷനിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫിസര്‍ എസ്പിക്ക് റിപോര്‍ട്ട് ചെയ്തു. എസ്പി റിപോര്‍ട്ട് സോണല്‍ ഐജി പി പ്രകാശിനു കൈമാറി. ഐജിയുടെ നിര്‍ദേശപ്രകാരം രഹസ്യമായി നടത്തിയ അന്വേഷണത്തിലാണ് ഗുണ്ടാ ബന്ധം വ്യക്തമായത്.