പോലിസുമായി ഏറ്റുമുട്ടല്‍; യുപിയില്‍ കുപ്രസിദ്ധ ഗുണ്ടാനേതാവ് കൊല്ലപ്പെട്ടു
ലഖ്‌നോ: ഉത്തര്‍പ്രദേശ് പോലിസ് ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുപ്രസിദ്ധ ഗുണ്ടാനേതാവ് പ്രത്യേക ദൗത്യസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ 35ലധികം കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് കപില്‍ എന്ന ക്രപാലാണ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. രണ്ട് പോലിസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റുമുട്ടലില്‍ പരിക്കേറ്റു. ഞായറാഴ്ചയാണ് നോയിഡയില്‍ ഇയാളുണ്ടായിരുന്ന പ്രദേശം പോലിസ് വളഞ്ഞത്.
ഇയാള്‍ കീഴടങ്ങാന്‍ തയ്യാറാവാതെ പോലിസിനു നേരേ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്. അദ്ദേഹം ആസൂത്രണം ചെയ്ത കൊലപാതകശ്രമം പരാജയപ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗുണ്ടാസംഘത്തിന്റെ നീക്കത്തെക്കുറിച്ച് അന്വേഷണ ഏജന്‍സിക്ക് സൂചന ലഭിച്ചതിനാലാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പോലിസ് സൂപ്രണ്ട് (എസ്ടിഎഫ്, മീററ്റ് സോണ്‍) കുല്‍ദീപ് നാരായണ്‍ പറഞ്ഞു.
കപിലും കൂട്ടാളികളും മേഖലയില്‍ ഒരു കൊലപാതകം ആസൂത്രണം ചെയ്യുകയാണെന്നായിരുന്നു. ഈ വിവരം അനുസരിച്ച് എസ്ടിഎഫും ലോക്കല്‍ പോലിസ് സ്‌റ്റേഷന്‍ ഉദ്യോഗസ്ഥരും സംഘത്തെ തടഞ്ഞുനിര്‍ത്തി വളഞ്ഞു. രക്ഷപ്പെടാനായി പോലിസ് സംഘത്തിന് നേരെ ഇവര്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുണ്ടായ പ്രത്യാക്രമണത്തിലാണ് ഇയാള്‍ക്ക് പരിക്കേറ്റത്- പോലിസ് പറഞ്ഞു.