ഗൗരി ലങ്കേഷ് കൊലപാതകം: പ്രതികളിലൊരാള്‍ക്കെതിരേ ഗുണ്ടാ നിയമം ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് കര്‍ണാടക സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടിസ്

Update: 2021-06-29 15:02 GMT

ന്യൂഡല്‍ഹി:പ്രശസ്ത മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളിലൊരാള്‍ക്കെതിരേ കര്‍ണാടക കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്റ്റ് ചുമത്താത്തതിനെതിരേ സുപ്രിംകോടതി കര്‍ണാടക സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചു. ഗൗരി ലങ്കേഷിന്റെ സഹോദരിയും ചലച്ചിത്രപ്രവര്‍ത്തകയുമായ കവിത ലങ്കേഷ് നല്‍കിയ അപ്പീല്‍ പരിഗണിച്ചുകൊണ്ടാണ് പരമോന്നത കോടതിയുടെ ഇടപെടല്‍.

ഗൗരി ലങ്കേഷിനു പുറമെ നിരവധി കൊലപാതകക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട അമോല്‍ കാലെയുടെ കുറ്റകൃത്യ സിന്‍ഡിക്കേറ്റില്‍ അംഗമായ മോഹന്‍ നായിക്കിനെ എന്തുകൊണ്ട് കെസിഒസിഎ അനുസരിച്ച് കേസെടുത്തില്ലെന്നാണ് പരാതിക്കാരിയുടെ ചോദ്യം. 2013ല്‍ നരേന്ദ്ര ദബോല്‍കറെയും 2015ല്‍ ഗോവിന്ദ് പന്‍സാരെയെയും 2015ല്‍ത്തന്നെ ഡോ. എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയതിനും 2018ല്‍ പ്രഫ. ഭഗവാനെ കൊലപ്പെടുത്തുന്നതിനള്ള ഗുഢാലോചനയിലും പ്രതി പങ്കെടുത്തു. ഗുരുതരമായ ഈ കുറ്റകൃത്യത്തില്‍ പങ്കാളിയായ ആറാം പ്രതിക്കെതിരേ ഗുണ്ടാ നിയമം ചേര്‍ക്കാതിരുന്നത് ഒരു നിലക്കും ന്യായീകരിക്കാനാവില്ലെന്നും പരാതിക്കാരി വാദിച്ചു.

തനിക്കെതിരേ ഗുണ്ടാ ആക്റ്റ് ചുമത്തിയതിനെതിരേ നായിക് കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ജാമ്യം നേടിയിരുന്നു. തുടര്‍ന്ന് ഗുണ്ടാ ആക്റ്റ് ഒഴിവാക്കുകയും ചെയ്തു. സുപ്രിംകോടതി കേസ് തീര്‍പ്പാക്കും വരെ പ്രതിക്ക് ജാമ്യം നല്‍കരുതായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. കൊലപാതകം നടത്താനും അതിനുശേഷം അവര്‍ക്ക് താവളമൊരുക്കാനും നായിക് സഹായിച്ചുവെന്നാണ് കേസ്.

ജസ്റ്റിസ് ഖാന്‍വില്‍കര്‍, ദിനേഷ് മഹേശ്വരി, അനിരുദ്ധ് ബോസ് തുടങ്ങിയവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ സഹീഫ അഹ്‌മദി പരാതിക്കാരനുവേണ്ടി ഹാജരായി. ജൂലൈ 15നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. 

Tags:    

Similar News