ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് നാല് വര്‍ഷം; പ്രതികളുടെ വിചാരണ തുടങ്ങാതെ കര്‍ണാടക സര്‍ക്കാര്‍

Update: 2021-09-05 10:05 GMT

ന്യൂഡല്‍ഹി: പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വധിക്കപ്പെട്ട് നാല് വര്‍ഷം പിന്നിട്ടിട്ടും പ്രതികളുടെ വിചാരണ ആരംഭിക്കാതെ കര്‍ണാടക സര്‍ക്കാര്‍. പ്രതികള്‍ പലയിടങ്ങളിലായി നല്‍കിയ ഹരജികളാണ് വിചാരണ വൈകിക്കുന്നതില്‍ ഒരു കാരണം. ആരോപണവിധേയരായവരെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നതും കൊറോണ വൈറസ് ബാധയുമാണ് മറ്റ് കാരണങ്ങള്‍.

കന്നഡ ടാബ്ലോയ്ഡ് മാഗസിനായ ഗൗരി ലങ്കേശ് പത്രികയുടെ എഡിറ്ററായിരുന്ന ഗൗരി ലങ്കേശ് 2017 സപ്തംബര്‍ 5ാം തിയ്യതിയാണ് ഹിന്ദുത്വ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത അംഗങ്ങളാണെന്നായിരുന്നു ആരോപണം. എല്ലാ ആരോപണവും സംഘടന നിഷേധിച്ചു.

ഗൗരി ലങ്കേശിന്റെ മരണം രാജ്യത്താകമാനം വലിയ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഭരണത്തിലിരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മോഹന്‍ നായക്കിനെതിരെ കര്‍ണാടക സംഘടിത കുറ്റകൃത്യ നിയമമനുസരിച്ച് ചുമത്തിയ കേസുകള്‍ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ ഗൗരി ലങ്കേശിന്റെ സഹോദരി സുപ്രിംകോടതിയെ സമീപിച്ചിരിക്കുകയാണ്. 2021 ഏപ്രില്‍ 22നാണ് ഹൈക്കോടതി മോഹന്‍ നായക്കിനെ കുറ്റവിമുക്തനാക്കിയത്. 

2018 ജൂലൈ 19നായിരുന്നു നായക്ക് അറസ്റ്റ്. മുഖ്യപ്രതിക്ക് അഭയം നല്‍കിയെന്നാണ് കേസ്. 2021 ജൂലൈ 25ന് 6 പ്രതികളുടെ ജാമ്യാപേക്ഷ കോടതി റദ്ദാക്കി. ഗൗരി ലങ്കേഷിനെതിരേ വെടിവച്ച മുഖ്യപ്രതി ജാമ്യത്തിനുവേണ്ടി കോടതിയെ സമീപിച്ചിട്ടില്ല. നിലവില്‍ എല്ലാ പ്രതികളും ജയിലുകളുണ്ടെങ്കിലും ഇതുവരെ ആരെയും ശിക്ഷിച്ചിട്ടില്ല.

2018 മാര്‍ച്ച് 10നാണ് എംഎന്‍ അന്‍ജുത്ത്, പി രംഗപ്പ തുടങ്ങിയ ഐപിഎസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക അന്വേഷണ സംഘം ആദ്യ അറസ്റ്റ് നടത്തിയത്. ഹിന്ദു യുവ സേനയുടെ പ്രവര്‍ത്തകന്‍ നവീന്‍ കുമാറിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരേ മെയ് 30ന് കുറ്റപത്രവും നല്‍കി.

2018 നവംബര്‍ 23ന് അഞ്ച് മാസത്തിനുശേഷം രണ്ടാമത്തെ കുറ്റപത്രം സെഷന്‍സ് കോടതിയില്‍ നല്‍കി. അതില്‍ 18 പേരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്.

ഗൗരി ലങ്കേശിന്റെയും പ്രഫ. എംഎം കുല്‍ബര്‍ഗിയുടെയും ദഭോല്‍കറിന്റെയും പന്‍സാരയുടെയും മരണങ്ങള്‍ പരസ്പരം ബന്ധപ്പെട്ടതാണെന്നാണ് കരുതപ്പെടുന്നത്. എല്ലാ കേസിലും പ്രതികളും ഒരേ ആളുകളാണ്.

ഹിന്ദുത്വ ആശയത്തെ എതിര്‍ത്തതുകൊണ്ടാണ് ഗൗരി ലങ്കേശ് കൊല്ലപ്പെട്ടതെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചിരുന്നു. ഇത്തരത്തില്‍ കൈകാര്യം ചെയ്യപ്പെടേണ്ട 39 പേരുടെ വിവരങ്ങള്‍ പ്രതിചേര്‍ക്കപ്പെട്ട അമോല്‍ കലെയുടെ കയ്യില്‍ നിന്ന് കണ്ടെടുത്തത് വലിയ ആശങ്കയുണ്ടാക്കി.

ഗിരീഷ് കര്‍ണാട്, കെഎസ് ഭഗവാന്‍, യോഗേഷ് മാസ്റ്റര്‍, ബനജഗെരെ ജയപ്രകാശ്, ചന്ദ്രശേഖര്‍ പാട്ടീല്‍, പാട്ടില്‍ പുടപ്പ, ബരഗൂര്‍ രാമചന്ദ്രപ്പ, നടരാജ് ഹുലിയാര്‍, ചെന്നവീര കനവി എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്. പട്ടിക പുറത്തുവന്നതോടെ ഇവര്‍ക്ക് സര്‍ക്കാര്‍ പ്രത്യേക സംരക്ഷണം നല്‍കി.

2019 ആഗസ്തില്‍ എസ്‌ഐടി ടീമിന് പോലിസ് മെഡല്‍ നല്‍കി ആദരിച്ചു.

വ്യാജ രേഖകള്‍ ഉപയോഗിച്ച് മൊബൈല്‍ കണക്ഷന്‍ എടുത്തതിന് പ്രതികള്‍ക്കെതിരേ കഴിഞ്ഞ മാസം കേസെടുത്തിട്ടുണ്ട്. അതില്‍ പുതിയ കുറ്റപത്രവും സമര്‍പ്പിച്ചു. മാധ്യമപ്രവര്‍ത്തകരെ കൊല്ലാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് കുറ്റപത്രത്തിലുള്ളത്.

ആഗസ്തില്‍ മുഖ്യപ്രതി അമോല്‍ കലെയ്‌ക്കെതിരേ വ്യാജരേഖ ഉപയോഗിച്ച് സിം എടുത്ത കേസില്‍ ഒരു കുറ്റപത്രം കൂടി സമര്‍പ്പിച്ചിട്ടുണ്ട്. കൂട്ടുപ്രതികളുമായി രഹസ്യങ്ങള്‍ കൈമാറാന്‍ ഈ സിം ഉപയോഗിച്ചെന്നാണ് ആരോപണം.

ഒരു മുന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ സനാതന്‍ സന്‍സ്ത അംഗങ്ങള്‍ക്ക് വ്യാജ സിം കാര്‍ഡ് എടുക്കാന്‍ സഹായിച്ചതായി കണ്ടെത്തി.

എന്നാല്‍ തങ്ങള്‍ക്ക് ഈ കേസുമായി ബന്ധമില്ലെന്നാണ് സനാതന്‍ സന്‍സ്തയുടെ വാദം.

Tags:    

Similar News