ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി 100 ബില്യന്‍ ക്ലബ്ബില്‍ പ്രവേശിച്ചു. തുറമുഖം, ഖനി, ഹരിത ഊര്‍ജം തുടങ്ങിയ മേഖലയില്‍ വലിയ നിക്ഷേപം നടത്തിയ വ്യവസായിയാണ് അദാനി. നൂറ് ബില്യനിലേക്കുള്ള അദാനിയുടെ യാത്രയില്‍ 24 ബില്യന്‍ ഈ വര്‍ഷമാണ് സ്വന്തമാക്കിയതെന്ന അദ്ഭുതവുമുണ്ട്.
ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വത്ത് സ്വന്തമാക്കിയ വ്യവസായിയാണ് അദാനി. ബ്ലൂംബെര്‍ഗ് ബില്ലെനെയര്‍ ഇന്‍ഡക്‌സ് അനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായിയായ മുകേഷ് അംബാനിയുടെ ആസ്തി നൂറ് ബില്യനുതൊട്ടു താഴേക്ക് പതിച്ച്, 99 ബില്യനായതായി.
അദാനിയുടെ വളര്‍ച്ച ഇന്ത്യന്‍ കോര്‍പറേറ്റ് മേഖലയിലെ അവിശ്വസനീയമായ കഥയാണ്. കോളജ് പഠനം പൂര്‍ത്തിയാക്കാതെ പുറത്തുപോയ അദാനി ഖനിമേഖലയിലൂടെയാണ് വ്യവസായത്തില്‍ കൈവച്ചത്. അദ്ദേഹത്തിന്റെ സമ്പത്തില്‍ ഭൂരിഭാഗവും കഴിഞ്ഞ 2 വര്‍ഷംകൊണ്ടാണ് സ്വന്തമാക്കിയത്. സൗദി അറേബ്യയുമായി ഇന്ധന കച്ചവടത്തിലും അദാനി കണ്ണുവച്ചിട്ടുണ്ട്.
2020നുശേഷം പല അദാനി ഓഹരിയിലും 1000 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ബിജെപിയുമായുള്ള അദാനിയുടെ ബന്ധം പരസ്യമാണ്.