'ഇതാണ് അവിശ്വസനീയമായ ഇന്ത്യ'; ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി ഗൗതം അദാനി

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്.

Update: 2020-12-28 09:26 GMT

ന്യൂഡല്‍ഹി: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ആശംസകള്‍ അറിയിച്ചത്.

'തിരുവനന്തപുരത്തിന്റെയും ഇന്ത്യയുടേയും ഏറ്റവും പ്രായം കുറഞ്ഞ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. തികച്ചും അതിശയകരമാണ്. യുവ രാഷ്ട്രീയ നേതാക്കള്‍ അവരുടെതായ വഴി തുറക്കുന്നതും മറ്റുള്ളവരെ പിന്തുടരാന്‍ പ്രേരിപ്പിക്കുകയും ഇങ്ങനെയാണ്. ഇതാണ് അവിശ്വസനീയമായ ഇന്ത്യ' വാര്‍ത്ത പങ്കുവച്ച് അദാനി ട്വീറ്റ് ചെയ്തു.

21കാരിയായ ആര്യ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചുമതല ഏല്‍ക്കുന്നതോടെ ആര്യ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും.

സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

54 വോട്ടുകള്‍ നേടിയാണ് ആര്യ മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ആകെ 99 അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തിയതില്‍ ഒരു വോട്ട് അസാധുവായി. ക്വാറന്റീനില്‍ ആയതിനാല്‍ ഒരംഗത്തിന് വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. വോട്ട് നില ഇങ്ങനെ: ആര്യ രാജേന്ദ്രന്‍ (എല്‍ഡിഎഫ്) 54, സിമി ജ്യോതിഷ് (എന്‍ഡിഎ) 35, മേരി പുഷ്പം (യുഡിഎഫ്) 09.

 

Tags:    

Similar News