ന്യൂഡല്‍ഹി: നിരോധിക്കപ്പെട്ട ഖലിസ്ഥാനി സംഘടനയുടെ പ്രവര്‍ത്തകന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ് (കെഇസഡ്എഫ്) എന്ന തീവ്ര ഖലിസ്ഥാന്‍ അനുകൂല സംഘടനയുടെ നേതാവായ പ്രഭ്പ്രീത് സിങ്ങിനെയാണ് പഞ്ചാബ് പോലിസിന്റെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ പിടികൂടിയത്. പഞ്ചാബ് ഡിജിപി ഗൗരവ് യാദവാണ് അറസ്റ്റ് വിവരം എക്സിലൂടെ അറിയിച്ചത്. കെഇസഡ്എഫ് ശൃംഖലയിലെ എല്ലാവരേയും അവരുമായി ബന്ധമുള്ള മറ്റുള്ളവരേയും കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ് പഞ്ചാബ് പോലിസെന്നും ഡിജിപി കൂട്ടിച്ചേര്‍ത്തു.
2020-ല്‍ പഞ്ചാബ് പോലിസിന്റെ അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ലഭിച്ച ഇന്റലിജന്‍സ് വിവരമാണ് ഇപ്പോള്‍ പ്രഭ്പ്രീത് സിങ്ങിന്റെ അറസ്റ്റിലേക്ക് നയിച്ചത്. പഞ്ചാബിലെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുള്ള കെഇസഡ്എഫ് ഭീകരനായ ജഗ്ദീഷ് സിങ് ഭുരയുടെ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങളാണ് അന്ന് ലഭിച്ചത്. ഭീകരസംഘടനയുമായി ബന്ധമുള്ള നാലുപേരെ ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്യുന്നതിന് ഈ ഇന്റലിജന്‍സ് വിവരം പോലിസിനെ സഹായിച്ചു.
നാല് പേരുടെ അറസ്റ്റിന് പിന്നാലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്‍ യുഎപിഎ നിയമപ്രകാരവും ആയുധ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു. ചോദ്യം ചെയ്യലില്‍ തങ്ങള്‍ക്ക് ജഗ്ദീഷ് സിങ് ഭുരയുമായും പ്രഭ്പ്രീത് സിങ്ങുമായും ബന്ധമുള്ളതായി നാല് പേരും വെളിപ്പെടുത്തി. കൂടാതെ ഉന്നത വ്യക്തികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയുടെ വിശദവിവരങ്ങളും സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന് ഇവരില്‍ നിന്ന് ലഭിച്ചു.
പ്രഭ്പ്രീത് സിങ് ജര്‍മ്മനിയിലായതിനാല്‍ ഇയാള്‍ക്കെതിരെ പഞ്ചാബ് പോലിസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഡല്‍ഹിയിലെ ഇമിഗ്രേഷന്‍ ബ്യൂറോ വഴിയായിരുന്നു നോട്ടിസ് പുറപ്പെടുവിച്ചത്.
'പ്രഭ്പ്രീത് സിങ്ങിനെ പിടികൂടിയ വിവരം ഡല്‍ഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ ബുധനാഴ്ചയാണ് ഞങ്ങളെ അറിയിച്ചത്. തുടര്‍ന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ ഒരു സംഘം ഉടന്‍ ഡല്‍ഹിയിലേക്ക് തിരിക്കുകയും സിങ്ങിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു', പഞ്ചാബ് ഡിജിപി പറഞ്ഞു.
സാധുവായ വിസയോടെ 2017-ല്‍ പ്രഭ്പ്രീത് സിങ് പോളണ്ടിലേക്ക് പോയെന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലിസ് പറയുന്നു. തുടര്‍ന്ന് 2020-ല്‍ പോളണ്ടില്‍ നിന്ന് റോഡ് മാര്‍ഗം ഇയാള്‍ ജര്‍മ്മനിയിലേക്ക് പോയി. അവിടെ പെര്‍മനന്റ് റെസിഡന്‍സി (പിആര്‍) കിട്ടാനായി രാഷ്ട്രീയ അഭയത്തിന് ഇയാള്‍ അപേക്ഷിച്ചിരുന്നുവെന്നും പോലിസ് പറഞ്ഞു.