ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ വീടിന്റെ ചുമരില്‍ സ്ഥാപിച്ചിരുന്ന എല്‍ഇഡി ടിവി പൊട്ടിത്തെറിച്ച് സ്‌കൂള്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. 16 വയസുള്ള ഓമേന്ദ്രയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. ഗാസിയാബാദിലെ വസതിയില്‍ ടിവി കണ്ടുകൊണ്ടിരുന്ന ഓമേന്ദ്രയുടെ കുടുംബത്തിന് നേരേ ഉഗ്രശബ്ദത്തോടെ എല്‍ഇഡി ടിവി പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ തെറിച്ചുവീണ ചീളുകള്‍ തറച്ചാണ് ഓമേന്ദ്ര മരണപ്പെട്ടത്. സ്‌ഫോടനത്തില്‍ വീട്ടിലെ ചുവരിന്റെ ഒരുഭാഗം തകര്‍ന്നുവീണു.
അപകടത്തില്‍ ഓമേന്ദ്രയുടെ മാതാവ്, ഭാര്യാ സഹോദരി, സുഹൃത്ത് കരണ്‍ എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓമേന്ദ്രയുടെ മുഖത്തും നെഞ്ചിലും കഴുത്തിലും ചീളുകള്‍ തറച്ച് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോഴാണ് ഓമേന്ദ്ര മരിച്ചത്. സ്‌ഫോടനം വളരെ ശക്തിയിലാണ് നടന്നതെന്നും വീടാകെ കുലുങ്ങിയെന്നും സംഭവ സമയത്ത് മറ്റൊരു മുറിയിലുണ്ടായിരുന്ന കുടുംബാംഗം മോണിക്ക പറഞ്ഞു.
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായിരിക്കുമെന്നാണ് താന്‍ കരുതിയതെന്ന് അയല്‍വാസി വിനീത പറഞ്ഞു. വീട്ടുമതിലില്‍ സ്ഥാപിച്ച എല്‍ഇഡി ടിവി പൊട്ടിത്തെറിച്ചതാണെന്ന് ഗാസിയാബാദ് പോലിസ് ഓഫിസര്‍ ഗ്യാനേന്ദ്ര സിങ് മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജാണ് എല്‍ഇഡി ടിവി പൊട്ടിത്തെറിക്കാന്‍ കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ സൂചിപ്പിക്കുന്നത്. ഈ ഭാഗത്ത് വോള്‍ട്ടേജ് കൂടുകയും കുറയുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.