ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്ന് കോണ്‍ഗ്രസ് ബന്ധം എടുത്തമാറ്റിയെന്ന ആരോപണം തള്ളി ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി; പത്മവിഭൂഷന്‍ പുരസ്‌കാരം പ്രഖ്യാപിച്ചശേഷം ട്വിറ്റര്‍ പ്രഫൈലില്‍ മാറ്റം വരുത്തിയെന്ന ആരോപണം തള്ളി ഗുലാം നബി ആസാദ്. തനിക്കെതിരേ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും താന്‍ തന്റെ പ്രഫൈലില്‍ എന്തെങ്കിലും ചേര്‍ക്കുകയോ എടുത്തുമാറ്റുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കുഴപ്പം സൃഷ്ടിക്കാന്‍ ചിലര്‍ ചില വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. എന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ ഒന്നും നീക്കം ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്തിട്ടില്ല. പ്രൊഫൈല്‍ നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെയാണ്'- ഗുലാം നബി ആസാദ് അതേ ട്വിറ്റര്‍ ഹാന്‍ഡലില്‍ നിന്ന് ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ്സിനുള്ളില്‍ സുതാര്യതവേണമെന്നും മുഴുവന്‍ സമയ നേതൃത്വം വേണമെന്നുമൊക്കെ ആവശ്യപ്പെടുന്ന ജി 23 അംഗ വിമത നേതൃത്വത്തിന്റെ ഭാഗമാണ് ഗുലാം നബി ആസാദ്. ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കിയതോടെ ആസാദ്, കോണ്‍ഗ്രസ്സിലെ ഗാന്ധി വിഭാഗത്തിന്റെ കണ്ണിലെ കരടാണ്.
ആസാദിന് പത്മപുരസ്‌കാരം ലഭിച്ചശേഷം ആസാദിനെതിരേ പരിഹാസവുമായി മുന്‍ പരിസ്ഥിതി മന്ത്രി ജയ്‌റാം രമേശ് രംഗത്തുവന്നു. ഗുലാം നബി ആസാദിനൊപ്പം പത്മപുരസ്‌കാരം വാഗ്ദാനം ചെയ്യപ്പെട്ട ബുദ്ധദേവ് പുരസ്‌കാരം നിരസിച്ചതിനോട് താരതര്യം ചെയ്തായിരുന്നു രമേശിന്റെ പ്രതികരണം.
ബുദ്ധദേശ് ശരിയായ കാര്യം ചെയ്തു, അദ്ദേഹം ആസാദ് ആവാന്‍ ആഗ്രഹിക്കുന്നു, ഗുലാബാവാനല്ല. പത്മവിഭൂഷന്‍ നിരസിച്ചതിനെക്കുറിച്ച് മുന്‍ ഉദ്യോഗസ്ഥന്‍ പി എന്‍ ഹസ്‌കര്‍ എഴുതിയ കുറിപ്പും ജയ്‌റാം രമേശ് ഉദ്ധരിച്ചു.