ഗോദ്ര ട്രയിന്‍ തീവെപ്പ്: ഗൂഢാലോചനയ്ക്കു പിന്നില്‍ കോണ്‍ഗ്രസ്സെന്നാരോപിച്ച് ഗുജറാത്തി പാഠപുസ്തകം
പാഠപുസ്തകങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്ന പതിവ് വര്‍ഷങ്ങളായി ബിജെപി തുടരുകയാണ്. അവസാനത്തേതാണ് ഇത്.
ജാംനഗര്‍: 2002 ഫെബ്രുവരിയിലെ സബര്‍മതി ട്രയിന്‍ തീവെപ്പ് ഗോദ്രയില്‍ നിന്ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചെത്തിയ കോണ്‍ഗ്രസ്സുകാരന്റെ ഗൂഢാലോചനയുടെ ഭാഗമെന്ന് ഗുജറാത്തിലെ പാഠപുസ്തകം. സ്റ്റേറ്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ച ഗുജറാത്തിന്റെ രാഷ്ട്രീയ ചരിത്ര പാഠപുസ്തകത്തിലാണ് ഈ വിവാദ പരാമര്‍ശം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളത്.
'ഗുജറാത്ത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് അയോധ്യയില്‍ നിന്ന് മടങ്ങുകയായിരുന്ന 59 കര്‍സേവകരെ തീവെച്ച് കൊന്നത്. ഗോദ്രയില്‍ തിരഞ്ഞെടുപ്പു വഴി അധികാരത്തിലെത്തിയ കോണ്‍ഗ്രസ്സുകാരന്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത'്- പുസ്തകം അവകാശപ്പെടുന്നു.
യൂണിവേഴ്‌സിറ്റി ഗ്രന്ഥ് നിര്‍മ്മാണ്‍ ബോര്‍ഡിനെയും പാഠപുസ്തകങ്ങളെയും കാവിവല്‍ക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. യൂണിവേഴ്‌സിറ്റി ഗ്രന്ഥ് നിര്‍മ്മാണ്‍ ബോര്‍ഡാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഗോദ്ര ട്രയിന്‍ തീവെപ്പ് കേസിലെ കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം അറിയിച്ചു.
ഗുജറാത്തിന്റെ രാഷ്ട്രീയ ഇതിഹാസം എന്ന പേരില്‍ 2018 ഡിസംബറില്‍ പുറത്തിറങ്ങിയ പുസ്തകം എഡിറ്റ് ചെയ്തത് മുന്‍ ബിജെപി എംപിയായ ഭവ്‌നാബെന്‍ ദേവ് ആണ്. ബോര്‍ഡിന്റെ വൈസ് പ്രസിഡന്റുമാണ് അദ്ദേഹം.
പുസ്തകത്തില്‍ സത്യമല്ലാതെ ഒന്നും പറഞ്ഞിട്ടില്ലെന്ന് ദേവ് അവകാശപ്പെട്ടു. പറഞ്ഞതിനെല്ലാം രേഖകളുണ്ട്. എല്ലാ രേഖകളും മനസ്സില്‍ വച്ചാണ് പുസ്തകം രചിച്ചിട്ടുള്ളത്. ഗുജറാത്തിന്റെ ചരിത്രം പുറത്തുകൊണ്ടുവരുന്നതിന്റെ ഭാഗമാണ് ഈ പുസ്തകം. അത് യൂണിവേഴ്‌സിറ്റി ഗ്രന്ഥ് നിര്‍മ്മാണ്‍ ബോര്‍ഡിന്റെ ചുമതലയുമാണ്- അദ്ദേഹം പറഞ്ഞു. ദേവ് പുസ്തകത്തിന്റെ എഡിറ്റര്‍ മാത്രമല്ല, സഹഗ്രന്ഥകാരനുമാണ്.
കോടതിയുടെ ഉത്തരവുകള്‍ വിശദമായി പരിശോധിച്ചതിനു ശേഷമാണ് പുസ്തകം തയ്യാറാക്കിയത്. അതില്‍ കോണ്‍ഗ്രസ്സിന് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതവരുടെ പ്രശ്‌നമാണ്. ഓരോ മുഖ്യമന്ത്രിമാരും അവരുടെ സമയത്ത് ചെയ്ത പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങളും പുസ്തകം നല്‍കുന്നുണ്ടെന്നും ദേവ് അവകാശപ്പെട്ടു.
ഗുജറാത്തിലുണ്ടായ ഏറ്റവും വലിയ ന്യൂനപക്ഷ വിരുദ്ധകലാപത്തിന് കാരണമായത് ഗോദ്ര ട്രയിന്‍ തീവെപ്പാണ്. ഇതിന്റെ പേരിലാണ് പിന്നീട് ആയിരത്തോളം മുസ്ലിം ന്യൂനപക്ഷങ്ങള്‍ ഗുജറാത്തില്‍ കൊലചെയ്യപ്പെട്ടത്. പില്‍ക്കാലത്ത് മോദി അധികാരത്തിലെത്തിയതിനു പിന്നില്‍ ഗുജറാത്ത് ന്യൂനപക്ഷവിരുദ്ധ പരീക്ഷണങ്ങള്‍ക്കും പങ്കുണ്ടെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മോദിയെ ബിജെപിയുടെ നേതൃസ്ഥാനത്തെത്തിക്കുന്നതിലും ഈ കലാപങ്ങള്‍ പങ്കുവഹിച്ചു.
പാഠപുസ്തകങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വ്യാഖ്യാനിക്കുന്ന പതിവ് വര്‍ഷങ്ങളായി ബിജെപി തുടരുകയാണ്. അതില്‍ അവസാനത്തേതാണ് ഇത്.