നാനാവതി കമ്മീഷന്‍ റിപോര്‍ട്ട് ഗുജറാത്ത് നിയമസഭയില്‍; ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്

മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍

Update: 2019-12-11 08:15 GMT

2002ലെ ഗുജറാത്ത് കലാപകേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ്. കലാപത്തെ കുറിച്ച് അന്വേഷിച്ച നാനാവതി കമ്മീഷന്‍ റിപോര്‍ട്ടിലാണ് 2002 ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. റിപോര്‍ട്ട് ഇന്നാണ് ഗുജറാത്ത് നിയമസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചത്.

മോദിക്കും അന്ന് മന്ത്രിസഭയിലുണ്ടായിരുന്ന ആര്‍ക്കും, കലാപത്തില്‍ നേരിട്ട് പങ്കില്ലെന്നും അവര്‍ക്ക് ഉത്തരവാദിത്തമില്ലെന്നുമാണ് കമ്മീഷന്റെ കണ്ടെത്തല്‍. സംസ്ഥാന സര്‍ക്കാര്‍ കലാപം നിയന്ത്രിക്കാനുള്ള എല്ലാ നടപടികളുമെടുത്തെന്നും റിപോര്‍ട്ടിന്റെ അന്തിമ പകര്‍പ്പില്‍ പറയുന്നു. കലാപം സംബന്ധിച്ച് മുന്‍ പൊലിസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്നും റിപോര്‍ട്ടിലുണ്ട്.

പ്രദേശത്തെ ചില ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ കലാപം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടെന്നും അതിനാവശ്യമായ മിടുക്ക് കാണിച്ചില്ലെന്നും റിപോര്‍ട്ട് ആരോപിക്കുന്നു. 2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് ജസ്റ്റിസ് നാനാവതിയുടെ നേതൃത്വത്തില്‍ കമ്മീഷനെ നിയമിച്ചത്. അഞ്ചു വര്‍ഷം മുന്‍പ് കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 

Tags:    

Similar News