ഗുജറാത്ത് കലാപക്കേസിൽ വിധി പറഞ്ഞ ജസ്റ്റിസ് തഹിൽ രമണിക്കെതിരേ സിബിഐ അന്വേഷണത്തിന്‌ നിർദേശം

ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് തഹില്‍രമണിക്കെതിരായ നടപടിയെന്നാണ് ആരോപണം.

Update: 2019-10-01 01:17 GMT

ന്യൂഡൽഹി: മദ്രാസ്‌ ഹൈക്കോടതി മുൻ ചീഫ്‌ ജസ്‌റ്റിസ്‌ വി കെ തഹിൽ രമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ അന്വേഷിക്കാൻ സിബിഐയോട്‌ സുപ്രീംകോടതി നിർദേശിച്ചു. ഗുജറാത്ത് കലാപക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജി കൂടിയാണ് ജസ്റ്റിസ് തഹിൽ രമണി.

തഹിൽ രമണിയുടെ സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരിക്കെ ചില കേസുകളിലെ ഇടപെടൽ സംശയാസ്‌പദമാണെന്നും ഇന്റലിജൻസ്‌ റിപോർട്ട്‌ ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ നിയമപ്രകാരമുള്ള തുടർനടപടി സ്വീകരിക്കാനും ചോദ്യം ചെയ്യാനും സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ സിബിഐക്ക്‌ നിർദേശം നൽകിയത്‌. 

മദ്രാസ്‌ ഹൈക്കോടതിയിൽനിന്ന്‌ മേഘാലയ ഹൈക്കോടതിയിലേക്ക്‌ മാറ്റാനുള്ള സുപ്രീംകോടതി കൊളീജിയം ശുപാർശയെ തുടർന്ന്‌ താഹിൽ രമണി രാജിവച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇന്റലിജൻസ്‌ ബ്യൂറോ അവർക്കെതിരേ അഞ്ച്‌ പേജുള്ള റിപോർട്ട്‌ കൈമാറിയത്‌. മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസായിരിക്കെ ഉന്നതർ പ്രതികളായിരുന്ന വിഗ്രഹ മോഷണക്കേസ്‌ പരിഗണിച്ചിരുന്ന പ്രത്യേക ബെഞ്ച്‌ പിരിച്ചുവിട്ട തഹിൽ രമണിയുടെ നടപടി ദുരൂഹമാണ്‌.

ചെന്നൈയിൽ രണ്ട്‌ ഫ്ലാറ്റുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും ഐബി ആരോപിച്ചിട്ടുണ്ട്‌. ഇതിന്‌ 3.18 കോടി രൂപയാണ്‌ തഹിൽ രമണി ചിലവിട്ടത്‌. ഇതിൽ 1.62 കോടി ബാങ്ക്‌ വായ്‌പയാണെങ്കിലും ബാക്കി തുക 2019 ജൂൺ – ജൂലൈ മാസത്തിൽ സ്വന്തം അക്കൗണ്ടിൽ നിന്നാണ്‌ ചെലവിട്ടത്‌. ഭർത്താവും അമ്മയുമായുള്ള ജോയിന്റ്‌ അക്കൗണ്ടുകളും ശമ്പള അക്കൗണ്ടും ഉൾപ്പെടെ ഇവർക്ക്‌ ആറ്‌ ബാങ്ക്‌ അക്കൗണ്ടുണ്ട്‌. ഇവയിലൂടെ ദുരൂഹമായ രീതിയിൽ പണം കൈമാറിയിട്ടുണ്ട്‌. മകന്റെ അക്കൗണ്ടിൽനിന്ന്‌ തഹിൽ രമണിയുടെ മുംബൈയിലെ അക്കൗണ്ടിലേക്ക്‌ 1.61 കോടി രൂപ നിക്ഷേപിച്ചതും ഐബി എടുത്തുപറയുന്നു.

തനിക്ക്‌ എതിരായ ആരോപണങ്ങളെ കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും സ്വകാര്യതയെ മാനിക്കണമെന്നുമാണ്‌ തഹിൽ രമണിയുടെ പ്രതികരണം. അതേസമയം മേഘാലയയിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് രാജിവച്ച ജസ്റ്റിസ് തഹില്‍രമണിയുടെ രാജി കഴിഞ്ഞയാഴ്ച രാഷ്ട്രപതി അംഗീകരിച്ചിരുന്നു. ഗുജറാത്ത് കലാപക്കേസിലെ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതികാരമാണ് തഹില്‍രമണിക്കെതിരായ നടപടിയെന്നാണ് ആരോപണം.

Tags:    

Similar News