ബില്‍ക്കീസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിനു സുപ്രിംകോടതിയുടെ അന്ത്യശാസനം

Update: 2019-03-31 09:26 GMT

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തില്‍, ബില്‍ക്കീസ് ബാനു കൂട്ടബലാല്‍സംഗത്തിനിരയായ കേസില്‍ ശിക്ഷിക്കപ്പെട്ട പോലിസുകാര്‍ക്കെതിരേ അച്ചടക്ക നടപടി കൈക്കൊള്ളാത്ത ഗുജറാത്ത് സര്‍ക്കാരിനു സുപ്രിംകോടതിയുടെ അന്ത്യശാസനം. കേസില്‍ ബോംബൈ ഹൈക്കോടതി ശിക്ഷിച്ച, ഐപിഎസ് ഉദ്യോഗസ്ഥനടക്കമുള്ള പോലിസുകാര്‍ക്കെതിരേ രണ്ടാഴ്ചക്കുള്ളില്‍ അച്ചടക്ക നടപടി കൈക്കൊള്ളാനാണ് വെള്ളിയാഴ്ച സുപ്രിംകോടതി താക്കീതു ചെയ്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബഞ്ചാണ് ഗുജറാത്ത് സര്‍ക്കാരിനെ താക്കീതു ചെയ്തത്. ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുന്നതിനെ കുറിച്ചാലോചിക്കുന്നുണ്ടെന്നും ഇത് ഉടനെ പൂര്‍ത്തിയാവുമെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്ത വ്യക്തമാക്കി. എന്നാല്‍ കുറ്റവാളികള്‍ക്കെതിരേ സര്‍ക്കാര്‍ രണ്ടാഴ്ചക്കുള്ളില്‍ അച്ചടക്ക നടപടി കൈക്കൊള്ളണമെന്നും അടുത്ത തവണ ഹാജരാവുമ്പോള്‍ ഇതിന്റെ റിപോര്‍ട്ടു സമര്‍പിക്കണമെന്നും കോടതി നിര്‍ദേശിക്കുകയായിരുന്നു. അതേസമയം ഇരയായ തനിക്കു മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ബില്‍ക്കീസ് ബാനുവിന്റെ അപേക്ഷ ഏപ്രില്‍ 23നു വാദം കേള്‍ക്കുന്നതിനായി മാറ്റി. കലാപത്തിലും ബലാല്‍സംഗങ്ങളിലും പങ്കുള്ള പോലിസുകാരെ പിന്തുണച്ച സര്‍ക്കാരിനേറ്റ തിരിച്ചടിയാണ് സുപ്രിംകോടതി നിര്‍ദേശമെന്നു ബില്‍ക്കീസ് ബാനുവിന്റെ അഭിഭാഷക ശോഭാ ഗുപ്ത പറഞ്ഞു. ഗുജറാത്ത് സര്‍ക്കാര്‍ നല്‍കാമെന്നേറ്റ 5 ലക്ഷം വാങ്ങാനുദ്ദേശിക്കുന്നില്ലെന്നും തക്കതായ നഷ്ടപരിഹാരം ലഭിക്കേണ്ടത് ബില്‍ക്കീസ് ബാനുവിന്റെ അവകാശമാണെന്നും അവര്‍ പറഞ്ഞു. 2002ല്‍ ഹിന്ദുത്വര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഗുജറാത്ത് കലാപത്തിനിടക്ക് കൂട്ട ബലാല്‍സംഗത്തിനിരയാവുമ്പോള്‍ അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു ബില്‍ക്കീസ് ബാനു. അഹ്മദാബാദിലാണ് കേസിന്റെ വിചാരണ ആരംഭിച്ചതെങ്കിലും സാക്ഷികളടക്കമുള്ളവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന ഇരയുടെ അപേക്ഷയെ തുടര്‍ന്നു കേസ് മുംബൈയിലേക്കു മാറ്റുകയായിരുന്നു. സുപ്രിംകോടതി നിര്‍ദേശപ്രകാരമായിരുന്നു ഇത്. 2017ലാണ് കേസിലുള്‍പെട്ട ഏഴുപേരെ ബോംബൈ ഹൈക്കോടതി ശിക്ഷിച്ചത്. ഇവരില്‍ അഞ്ചുപേര്‍ പോലിസുകാരും രണ്ടുപേര്‍ ഡോക്ടര്‍മാരുമാണ്.

Tags:    

Similar News