'ഭര്‍ത്താവ് മാത്രമല്ല, ഒരു സഖാവ് കൂടിയായിരുന്നു', ബല്‍ക്കീസ് ബാനുവിന് കൂടെയുള്ള 17 വര്‍ഷം ഓര്‍ത്തെടുത്ത് യാക്കൂബ് പട്ടേല്‍
'2002ലെ തണുപ്പുകാലത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം ആയിരക്കണക്കിനാളുകളുടെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്. ഇപ്പോളും മനസ്സില്‍ നിന്ന് മായാത്ത മുറിപ്പാടുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കലാപാഗ്നി അണഞ്ഞത്' ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ബല്‍ക്കീസ് ബാനുവിനോടൊപ്പമുള്ള 17 വര്‍ഷത്തെ ജീവിതവും പോരാട്ടവും ഓര്‍ത്തെടുക്കുകയാണ് യാക്കൂബ്.
ന്യൂഡല്‍ഹി: 'സാമൂഹിക സമ്മര്‍ദത്തിന് കീഴടങ്ങാതെ, ബലാല്‍സംഗത്തിന് ഇരയാകുന്ന ഭാര്യയെ ചേര്‍ത്തുപിടിക്കുന്നവരാകണം എല്ലാ ഭര്‍ത്താകന്‍മാരുമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ക്രൂരമായ കൂട്ടബലാല്‍സംഗത്തിന് ഇരയായ ഭാര്യയോടൊപ്പം നിന്ന് അവരോടൊപ്പം പോരാടാന്‍ നാം തയ്യാറാവണം' യാക്കൂബ് പട്ടേല്‍ പറയുന്നു. 2002ലെ ഗുജറാത്ത് മുസ്‌ലിം വിരുദ്ധ വംശഹത്യക്കിടെ കൂട്ട ബലാല്‍സംഗത്തിനിരയായ ബല്‍ക്കീസ് ബാനുവിന്റെ ഭര്‍ത്താവാണ് 45 കാരനായ യാക്കൂബ്.
ബല്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ബല്‍ക്കീസ് ബാനുവിനോടൊപ്പമുള്ള 17 വര്‍ഷത്തെ ജീവിതവും പോരാട്ടവും ഓര്‍ത്തെടുക്കുകയാണ് യാക്കൂബ്. ശക്തമായ സാമൂഹിക സമ്മര്‍ദ്ദങ്ങളേയും ഭീഷണികളേയും അവണിച്ച് ഹിന്ദുത്വര്‍ക്കും മോദി ഭരണകൂടത്തിനും എതിരായ പോരാട്ടത്തില്‍ ബല്‍ക്കീസ് ബാനുവിനോടൊപ്പം നിന്ന യാക്കൂബിന്റെ പോരാട്ടം അനുകരണീയമാണ്. ബല്‍ക്കീസ് ബാനുവിന് ഒരു ഭര്‍ത്താവ് മാത്രമായിരുന്നില്ല, നിര്‍ണായക ഘട്ടത്തില്‍ കൂടെ നിന്ന പോരാളികൂടിയായിരുന്നു യാക്കൂബ്.
ഗുജറാത്തിലെ ഗ്രോധ ജില്ലയില്‍ നിന്നുള്ള ഇരുവരും 1998 ലാണ് വിവാഹിതരായത്. 2002ലെ ഗുജറാത്ത് വംശഹത്യ സര്‍വ്വതും തകര്‍ത്തെറിയുന്നത് വരേ സന്തോഷകരമായി കുടുംബ ജീവിതമായിരുന്നു തങ്ങളുടേതെന്ന് യാക്കൂബ് പറയുന്നു.
'ഒരു മകളടക്കം മൂന്ന് പേരടങ്ങിയ സന്തോഷകരമായ കുടുംബമായിരുന്നു ഞങ്ങളുടേത്, അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനു അടുത്ത വേനലില്‍ എത്തുന്ന പുതിയ അതിഥിയെ പ്രതീക്ഷിച്ചിരിക്കുന്നതിനിടേയാണ് വര്‍ഗീയ കൊടുംങ്കാറ്റ് തങ്ങളുടെ ജീവിതം തകര്‍ത്തത്, 2002ലെ തണുപ്പുകാലത്ത് പൊട്ടിപ്പുറപ്പെട്ട വര്‍ഗീയ കലാപം ആയിരക്കണക്കിനാളുകളുടെ സ്വപ്‌നങ്ങളാണ് തകര്‍ത്തെറിഞ്ഞത്. ഇപ്പോളും മനസ്സില്‍ നിന്ന് മായാത്ത മുറിപ്പാടുകള്‍ അവശേഷിപ്പിച്ചുകൊണ്ടാണ് കലാപാഗ്നി അണഞ്ഞത്' യാക്കൂബ് കലാപകാലം ഓര്‍ത്തെടുത്തു.
2002 മാര്‍ച്ച് മൂന്നിനാണ് ബല്‍ക്കീസ് ബാനു കൂട്ട ബലാല്‍സംഗത്തിന് ഇരയാകുന്നതെന്ന് യാക്കൂബ് പറഞ്ഞു. കലാപം ഗ്രാമങ്ങളിലേക്ക് പടര്‍ന്നതോടെ ട്രക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു രഥിക്പൂര്‍ ഗ്രാമവാസികള്‍. ബല്‍ക്കീസ് ബാനുവും മൂന്ന് വയസ്സുകാരിയായ മകളുമടക്കം 17 പേരാണ് ട്രക്കിലുണ്ടായിരുന്നു. വഴിയില്‍ വച്ച് ഹിന്ദുത്വ അക്രമികള്‍ തങ്ങളുടെ ട്രക്ക് തടഞ്ഞു. സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ഹിന്ദുത്വര്‍ പുരുഷന്‍മാരേയും കുഞ്ഞുങ്ങളേയും ക്രൂരമായി കൊലപ്പെടുത്തി. കൂട്ട ബലാല്‍സംഗത്തിനിരയാക്കിയതിന് ശേഷം സ്ത്രീകളേയും വെട്ടിക്കൊലപ്പെടുത്തി. ട്രക്കിലുണ്ടായിരുന്നവരില്‍ 14 പേരേയും കലാപകാരികള്‍ കൊലപ്പെടുത്തി.
'ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിലായിരുന്നു ഞങ്ങള്‍. അഞ്ച് മാസം ഗര്‍ഭിണിയായ ബല്‍കീസ് ബാനുവും സലേഹ എന്ന തങ്ങളുടെ മകളും കൂടെയുണ്ടായിരുന്നു. കലാപകാരികളായ ഹിന്ദുത്വര്‍ തങ്ങളുടെ കുഞ്ഞിനേയും വെറുതെവിട്ടില്ല. മൂന്നുവയസ്സുകാരിയായ സലേഹയുടെ തല കല്ലില്‍ അടിച്ച് അക്രമികള്‍ കൊലപ്പെടുത്തി. കൂട്ടബലാല്‍സംഗത്തിന് ശേഷം മരിച്ചെന്ന് കരുതി ബല്‍ക്കീസ് ബാനുവിനേയും അവര്‍ വഴിയില്‍ ഉപേക്ഷിച്ചു' യാക്കൂബ് ഓര്‍ത്തെടുത്തു.
'ദിവസങ്ങളോളം അന്വേഷിച്ചിട്ടും ബല്‍ക്കീസിനെ കണ്ടെത്താനായില്ല. കലാപത്തില്‍ തന്റെ ഭാര്യയും കൊല്ലപ്പെട്ടതായി കരുതി മനസ്സിനെ പാകപ്പെടുത്താന്‍ ശ്രമിച്ചു. അതിനിടേയാണ് അഭയാര്‍ത്ഥി ക്യാംപില്‍ കഴിയുന്ന ബല്‍കീസ് ബാനുവെന്ന യുവതിയുടെ കഥ പത്രത്തില്‍ വായിക്കുന്നത്. ഗോധ്രയിലുള്ള അഭയാര്‍ത്ഥി ക്യാംപിലെത്തിയാണ് ബല്‍കീസ് ബാനുവിനെ കണ്ടെത്തുന്നത്.'
'അവരെ ചേര്‍ത്ത് പിടിച്ച ഞാന്‍ ഇനിയുള്ള ജീവിതത്തിലും പോരാട്ടത്തിലും ഞാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. 17 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ ഞാനിപ്പോള്‍ സന്തോഷവനാണ്. നിയമ പോരാട്ടത്തിലെ വിജയത്തില്‍ ഞങ്ങളിപ്പോള്‍ സന്തോഷിക്കുന്നു.' യാക്കൂബ് പറഞ്ഞു നിര്‍ത്തി.