സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ സംഘപരിവാര്‍; പുതിയ ദൗത്യം ആദിവാസി ഭവനപദ്ധതിക്കുള്ള ഗള്‍ഫ് ഫണ്ടിങ്
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കണ്ടുകെട്ടിയ സ്വപ്‌നയുടെ ലോക്കറിലെ സ്വര്‍ണവും മറ്റും തിരികെ ലഭിക്കുന്നതിന് ഇഡിക്ക് അപേക്ഷ നല്‍കി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ സംഘപരിവാര്‍. ആര്‍എസ്എസ് അനുകൂല എന്‍ജിഒയില്‍ പുതിയ ചുമതല ഏറ്റെടുത്തതോടെയാണ് സംഘി ബന്ധം കൂടുതല്‍ വെളിപ്പെട്ടത്. ആര്‍എസ്എസ് അനുകൂല എന്‍ജിഒയുടെ ആദിവാസി ഭവന പദ്ധതിക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് ഫണ്ട് കണ്ടെത്തലാണ് സ്വപ്‌ന സുരേഷിന്റെ പുതിയ ദൗത്യം. നേരത്തെ വടക്കാഞ്ചേരി ലൈഫ് ഭവന പദ്ധതിക്കായി യുഎഇയില്‍ നിന്ന് ഫണ്ട് തരപ്പെടുത്തി വന്‍ തുക സ്വപ്‌ന കൈക്കലാക്കിയതായി ആരോപണമുണ്ടായിരുന്നു.
അട്ടപ്പാടിയിലുള്‍പ്പെടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന ആര്‍എസ്എസ് എന്‍ജിഒ എച്ച്ആര്‍ഡിഎസാണ് ഇനി സ്വപ്‌ന സുരേഷിന്റെ തട്ടകം. സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതി സരിത്ത്്, ആര്‍എസ്എസ് നേതാവ് കെജി വേണുഗോപാല്‍ എന്നിവരാണ് സ്വപ്നയെ സംഘപരിവാര്‍ പക്ഷത്തെത്തിച്ചത്. സരിത്തിന്റെ ആര്‍എസ്എസ്-ബിജെപി ബന്ധം നേരത്തെ വ്യക്തമായതാണ്. എച്ച്ആര്‍ഡിഎസ് വൈസ് പ്രസിഡന്റായ നെയ്യാറ്റിന്‍കര സ്വദേശി വേണുഗോപാല്‍ വിദ്യാര്‍ഥി കാലം മുതല്‍ ആര്‍എസ്എസ് നേതാവായിരുന്നു.
മുഖ്യമന്ത്രിയുടെ അഡിഷനല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരേ ആരോപണമുന്നയിച്ചതും ബിജെപി പിന്തുണയോടെയാണ്. ന്യൂസ് 18ന് സ്വപ്ന ആദ്യ അഭിമുഖം നല്‍കുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് കേസിലെ മറ്റൊരു പ്രതിയായ സരിത്തായിരുന്നു. ബിജെപിയുടെ ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സരിത്തിന്റെ ഓപറേഷനിലാണ് സ്വപ്്‌ന പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. അതേസമയം, സ്വ്പന സുരേഷ് സരിത്ത് വഴി നേരത്തെ തന്നെ ബിജെപിയുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇതിന് ഒടുവിലാണ് എം ശിവശങ്കറിന്റെ പുസ്തകത്തിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് പെട്ടന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്. സര്‍ക്കാരും മാധ്യമങ്ങളും സ്വപ്‌നയുടെ നീക്കവും പുതിയ തിരക്കഥയും തിരിച്ചറിയാന്‍ വൈകി.
സ്വര്‍ണക്കടത്ത് കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ച് വരുന്നതിനാല്‍ കേസില്‍ നിന്ന് എളുപ്പത്തില്‍ രക്ഷപെടാന്‍ ബിജെപി ബന്ധം സഹായിക്കുമെന്നാണ് സ്വപ്‌നയുടെ കണക്ക് കൂട്ടല്‍. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സ്വപ്‌നയുടെ കണ്ടുകെട്ടിയ ലോക്കറിലെ സ്വര്‍ണവും മറ്റും തിരികെ ലഭിക്കുന്നതിന് ഇഡിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ഹൈക്കോടതിയില്‍ സ്വപ്‌നയുടെ കേസ് വക്കാലത്ത് മറ്റൊരു അഭിഭാഷകനിലേക്കും മാറ്റി. ഇതെല്ലാം സംഘപരിവാര്‍ തിരക്കഥയനുസരിച്ചാണ് നടത്തിയത്.
ഈ മാസം പതിനൊന്നിനാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമനം നല്‍കിയത്. പ്രതിമാസശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയാണ്. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളില്‍ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ആദിവാസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന 'സദ്ഗൃഹ' എന്ന പദ്ധതിയിലേക്ക് അടക്കമാണ് സ്വപ്ന ഫണ്ട് കണ്ടെത്തേണ്ടത്.
എച്ച്ആര്‍ഡിഎസ്
സംഘപരിവാര്‍ അനുകൂല ട്രസ്റ്റായ വിദ്യാധിരാജ ട്രസ്റ്റിന് കീഴിലുള്ള ഹോമിയോ മെഡിക്കല്‍ കോളജും എച്ച് ആര്‍ഡിഎസും ആഡ്രയിലെ ഒരു ഫാര്‍മസ്യൂട്ടിക്കല്‍സുമായി ചേര്‍ന്ന അട്ടപ്പാടിയില്‍ വിവാദ കൊവിഡ് പ്രതിരോധമരുന്ന് പരീക്ഷണം നടത്തിയിരുന്നു. കൊവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന അപകടകാരിയായ മരുന്നായിരുന്നു എച്ച്ആര്‍ഡിഎസ് അട്ടപ്പാടിയില്‍ വിതരണം ചെയ്ത്. സ്വകാര്യ ഗ്രൂപ്പുകള്‍ എലികളില്‍ ഈ മരുന്ന് പരീക്ഷണം നടത്തുകയും അവ ചത്തുവീഴുകയും ചെയ്തിരുന്നു. കൂടാതെ ഗര്‍ഭിണികള്‍ ഈ മരുന്ന് കഴിച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന് ജീവഹാനി സംഭവിക്കുമെന്നും സ്വകാര്യ ഏജന്‍സി വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു എച്ച്ആര്‍ഡിഎസിന്റെ കൊവിഡ് പ്രതിരോധ മരുന്ന് വിതരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ വംശീയ ഉന്മൂലനമാണ് എച്ച് ആര്‍ഡിഎസ് ലക്ഷ്യമാക്കുന്നതെന്ന് അന്ന് സന്നദ്ധപ്രവര്‍ത്തകര്‍ ആക്ഷേപമുന്നയിച്ചിരുന്നു. അതേസമയം, വിദ്യാധിരാജ ട്രസ്റ്റ് 5000 ഏക്കര്‍ ഭൂമി കയ്യേറി പതിച്ചെടുത്തതിനെതിരേയും പ്രതിഷേധമുയര്‍ന്നിരുന്നു.
എച്ച്ആര്‍ഡിഎഫ് ആര്‍എസ്എസും
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയാണ് അട്ടപ്പാടി കേന്ദ്രീകരിച്ചുള്ള ഹൈറേഞ്ച് റൂറല്‍ ഡെവല്‍പ്‌മെന്റ് സൊസൈറ്റി. ഗുരു ആത്മനമ്പി(ആത്മജി)യാണ് എച്ച്.ആര്‍.ഡി.എസിന് മാര്‍ഗനിര്‍ദേശം നല്‍കുന്നത്.
അതേസമയം, പഴയ കോണ്‍ഗ്രസുകാരനായ എസ് കൃഷ്ണകുമാര്‍ താന്‍ അറിയാതെ എച്ച്ആര്‍ഡിഎസില്‍ പലതും നടക്കുന്നതായും സ്വപ്‌നയും നിയമനം ഇപ്പോള്‍ അനിവാര്യമല്ലെന്നും വെളിപ്പെടുത്തി.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും നേതാക്കളാണ് ഇതിന്റെ പ്രധാന പദവികള്‍ അലങ്കരിക്കുന്നത്. എന്‍ജിഒയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള കെജി വേണുഗോപാല്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് എച്ച്ആര്‍ഡിഎസ് വെബ്‌സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു.
എച്ച്ആര്‍ഡിഎസിന്റെ സ്ഥാപകനും സെക്രട്ടറിയുമായ അജി കൃഷ്ണന്റെ സഹോദരനായിരുന്നു ഇടുക്കി ലോക്‌സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയായിരുന്ന ബിജു കൃഷ്ണന്‍. എച്ച്ആര്‍ഡിഎസിന്റെ പ്രോജക്ട് ഡയക്ടറാണ് ബിജു കൃഷ്ണന്‍. ബിജു കൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററും ബിജെപിയുടെ ഔദ്യോഗിക പേജിലെ പോസ്റ്ററും എച്ച്.ആര്‍.ഡി.എസ് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
അജി കൃഷ്ണന്‍ നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു. അനുജന്‍ ബിജു കൃഷ്ണനും എസ്എഫ്‌ഐ ഭാരവാഹിയായിരുന്നു. ഇതിനിടെ ബിജു ജെഎസ്എസില്‍ ചേര്‍ന്നു. അജി ഏറെക്കാലം നാട്ടില്‍ നിന്ന് മാറി നിന്നിരുന്നു. പിന്നീട് സംഘപരിവാര്‍ സഹയാത്രികനായി എച്ച്ആര്‍ഡിഎസ് രൂപീകരിച്ചു.
ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും ഗോവ ഗവര്‍ണറുമായ പിഎസ് ശ്രീധരന്‍ പിള്ളയടക്കമുള്ളവര്‍ എച്ച്ആര്‍ഡിഎസുമായി സജീവ സഹകരണത്തിലുള്ളവരാണ്. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, ത്രിപുര, അസം, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ ആദിവാസി മേഖലകളിലാണ് ഇവരുടെ പ്രവര്‍ത്തനം.