സ്വര്‍ണ കടത്ത് കേസ്: ഒരാള്‍ കൂടി അറസ്റ്റിലായി
പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്.
തിരുവനന്തപുരം: സ്വര്‍ണ കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കസ്റ്റംസ് സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം സ്വര്‍ണ കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണ് ഇത്. പെരിന്തല്‍മണ്ണ സ്വദേശി റമീസ് (37) ആണ് പിടിയിലായതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല.
പ്രതികള്‍ എത്തിക്കുന്ന സ്വര്‍ണം വിതരണം ചെയ്തു എന്ന് കരുതപ്പെടുന്ന വ്യക്തിയാണ് ഇയാളെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്വര്‍ണം എങ്ങോട്ടേക്ക് പോകുന്നു എന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ട്.ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച പുലര്‍ച്ചെ ഇയാളെ വീട്ടിലെത്തി ചോദ്യം ചെയ്യുന്നതിനായി കൊണ്ടുപോവുകയായിരുന്നു. നയതന്ത്ര ബാഗേജ് ഉപയോഗിച്ച് സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്ച രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് റമീസിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ഇന്നലെ വൈകീട്ട് കേസിലെ രണ്ടും നാലു പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബംഗളൂരുവില്‍നിന്ന് എന്‍ഐഎയുടെ ഹൈദരാബാദ് യൂനിറ്റ് കസ്റ്റഡിയിലെടുത്തിരുന്നു.