സ്വര്‍ണക്കടത്ത് കേസ് സബ്മിഷന് അനുമതിയില്ല: സര്‍ക്കാര്‍ ഒളിച്ചോടുന്നു; സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ്

നോട്ടിസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നു പറഞ്ഞ് സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Update: 2022-07-12 08:02 GMT

തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസ് വീണ്ടും സഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് തിരിച്ചടി. സബ്മിഷന്‍ കേന്ദ്രവുമായി ബന്ധപ്പെട്ട കാര്യമാണെന്നും അനുമതി നല്‍കരുതെന്നും നിയമമന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ അടിയന്തര പ്രമേയമായി ചര്‍ച്ച ചെയ്ത വിഷയം എന്ന് മാത്യു ടി തോമസ് പറഞ്ഞു. സബ് മിഷന് എതിരെ ക്രമപ്രശ്‌നവുമായി ഭരണപക്ഷം രംഗത്ത് എത്തിയതോടെയാണ് സ്പീക്കര്‍ സബ് മിഷന് അനുമതി നിഷേധിച്ചത്.

വിദേശ കാര്യമന്ത്രി പറഞ്ഞ പ്രോട്ടോകോള്‍ ലംഘനമടക്കമാണ് ഉന്നയിക്കുന്നതെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. കേരള സര്‍ക്കാരിന്റെ പ്രാഥമിക പരിഗണയില്‍പെടാത്ത കാര്യമെന്ന് നിയമ മന്ത്രി വീണ്ടും വിശദീകരിച്ചു. കോണ്‍സുലേറ്റ് കേന്ദ്ര സര്‍ക്കാര്‍ പരിധിയിലാണ്. അതിനാല്‍ സബ്മിഷന്‍ ചട്ട വിരുദ്ധമാമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് നടക്കാന്‍ പാടില്ലാത്തത് നടന്നു എന്ന് വിദേശ കാര്യമന്ത്രി പറഞ്ഞുവെന്ന് വിഡി സതീശന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി പ്രോട്ടോകോള്‍ ലംഘിച്ചു എന്ന് വരെ ആരോപണമുയരുന്നുണ്ട്. സിബിഐ അന്വേഷണം വേണം. കോണ്‍സുലേറ്റ് എന്ന വാക്ക് പറയാന്‍ പാടില്ല എന്നില്ലെന്നും സതീശന്‍ പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. മടിയില്‍ കനമില്ലാത്തത് കൊണ്ട് വഴിയില്‍ പേടിയില്ല എന്ന് ബോര്‍ഡ് എഴുതി വെക്കാതെ മുഖ്യമന്ത്രി മറുപടി പറയണം. കേന്ദ്രത്തെ കുറിച്ചല്ല നോട്ടിസെന്ന് പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. നോട്ടിസില്‍ സാങ്കേതിക പ്രശ്‌നമുണ്ടെന്നു വ്യക്തമാക്കിയ സ്പീക്കര്‍ സബ്മിഷന് അനുമതി നിഷേധിച്ചു. പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 

Tags:    

Similar News