സ്വര്‍ണക്കടത്ത് കേസ്: ഇഡിയുടെ ട്രാന്‍സ്ഫര്‍ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും
ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ട്രാന്‍സ്ഫര്‍ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ ബംഗളൂരു കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി കൊച്ചി സോണ്‍ അസിസ്റ്റന്റ് ഡയറക്ടറാണ് ഹരജി നല്‍കിയത്. ഹരജി ഇന്നലെ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ സ്വതന്ത്രമായ കോടതി നടപടികള്‍ സാധ്യമാവില്ലെന്നുമാണ് ഇഡിയുടെ വാദം. എന്നാല്‍, വിചാരണ മാറ്റുന്നതിനെതിരേ സംസ്ഥാന സര്‍ക്കാരും ശിവശങ്കറും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. വിചാരണ മാറ്റുന്നത് കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.