സ്വര്‍ണക്കടത്ത് കേസ്: സ്വപ്‌നയും സന്ദീപ് നായരും റിമാന്റില്‍; ഇരുവരെയും കൊവിഡ് സെന്ററിലേക്കയച്ചു
കൊച്ചി: യുഎഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസില്‍ ആരോപണവിധേയരായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. എന്നാല്‍ കൊവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇരുവരുടെയും കൊവിഡ് പരിശോധനാ ഫലം വന്നശേഷം മാത്രമേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലുകള്‍ ഉണ്ടാവുകയുള്ളൂ. നാളെത്തന്നെ കൊവിഡ് പരിശോധനാഫലം ലഭിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ നാളെത്തന്നെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യല്‍ തുടരും.
കൊവിഡ് ഫലം വരുന്നതുവരെ ഇരുവരെയും തൃശൂരിലെ അമലയിലെ കൊവിഡ് കെയര്‍ സെന്ററിലാണ് പാര്‍പ്പിക്കുക.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ഇരുവരെയും ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ നിന്ന് എന്‍ഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെ ഇരുവരെയും റോഡ്മാര്‍ഗം കൊച്ചിയിലെ എന്‍ഐഎ പ്രത്യേക മജിസ്‌ട്രേറ്റ് കൃഷ്ണകുമാറിന്റെ മുമ്പാകെ ഹാജരാക്കി.
കേരള രാഷ്ട്രീയത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കാനിടയുള്ളതാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്ത് കേസ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനും ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിട്ടുള്ള കേസ് മുഖ്യമന്ത്രിയുടെ ഓഫിസിനെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. പ്രതികള്‍ക്കു വേണ്ടി ഇടപെട്ടവരില്‍ ബിജെപിയുമായി ബന്ധപ്പെട്ടവരുടെ സാന്നിധ്യവും കേസിനെ അതീവ സങ്കീര്‍ണമാക്കിയിട്ടുണ്ട്. അതേസയമം എന്‍ഐഎ കേസിനെ 'ഭീകരവാദ'വുമായി ബന്ധപ്പെടുത്താനാണ് തുടക്കം മുതല്‍ ശ്രമിക്കുന്നത്.