ഗുണ്ടകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ക്ക് വെട്ടേറ്റു, കേസെടുത്ത് പോലിസ്

സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലിസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

Update: 2020-09-05 13:33 GMT

ശ്രീകാര്യം: ഗുണ്ടകള്‍ തമ്മിലുണ്ടായ എറ്റുമുട്ടലില്‍ ഒരാള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ ശ്രീകാര്യം പോലിസ് കേസെടുത്തു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പൊലിസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

വെട്ടേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഗുണ്ടാസംഘാംഗം ശരത് ലാലിന്റെ മൊഴി ഇന്നലെ പോലിസ് രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകീട്ട് 6.30നാണ് ശ്രീകാര്യം ചേന്തിയില്‍ ഒരുമിച്ച് ബൈക്കിലെത്തിയ ഗുണ്ടകളിലൊരാള്‍ മറ്റൊരാളെ വെട്ടിയത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്. ഇക്കഴിഞ്ഞ 2ന് ദീപു കല്ലമ്പള്ളി സ്വദേശിയായ രാജീവിന്റെ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നായിരുന്നു അക്രമം. ഇതേ തുടര്‍ന്ന് ശ്രീകാര്യം പോലിസ് ദീപുവിനെതിരേ കേസെടുത്തിരുന്നു. ഇതില്‍ പ്രകോപിതനായ ദീപു, കൂട്ടാളി ശരത് ലാലിനെയും കൂട്ടി മാരകായുധങ്ങളുമായി രാജീവിനെ ആക്രമിക്കാന്‍ ബൈക്കില്‍ പോവുന്നതിനിടെയാണ് സംഭവം.

ചേന്തി ഭാഗത്ത് എത്തിയപ്പോള്‍ തീരുമാനത്തില്‍ നിന്ന് ശരത് ലാല്‍ പിന്മാറി. തുടര്‍ന്നുള്ള വാക്കുതര്‍ക്കത്തിന് ശേഷം ശരത് ലാല്‍ ബൈക്കില്‍ നിന്ന് ഇറങ്ങി തിരികെ പോവുന്നതിനിടെ ദീപു ബാഗില്‍ കരുതിയ ആയുധമെടുത്ത് ശരത്തിനെ വെട്ടുകയായിരുന്നു. കൈക്ക് ഗുരുതര വെട്ടേറ്റ ശരത് സമീപത്തെ കൗണ്‍സിലറുടെ വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശരത് ലാലിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Tags:    

Similar News