ഗുണ്ടാസംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി
ഛണ്ഡീഗഢ്: ഗുണ്ടാസംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പോലിസ് കമ്മീഷ്ണര്‍മാര്‍ക്കും മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിര്‍ദേശം. ഗുണ്ടാസംഘങ്ങള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ പോലിസിന്റെ പങ്ക് വളരെ വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോലിസ് കമ്മീഷ്ണര്‍മാര്‍, പോലിസ് സൂപ്രണ്ടുമാര്‍, മറ്റ് മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ എന്നിവരെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഓര്‍മിപ്പിച്ചത്.
പോലിസ് സേനയിലുള്ള തന്റെ വിശ്വാസം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഗുണ്ടായിസം ഇല്ലാതാക്കാന്‍ പോലിസ് അവസരത്തിനൊത്തുയരണമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ അഞ്ചിന് നടത്തിയ ക്രമസമാധാനത്തെ സംബന്ധിച്ച റിവ്യു യോഗത്തില്‍ ആന്റി ഗാങ്‌സറ്റര്‍ ടാസ്‌ക് ഫോഴ്‌സ് എന്ന പേരില്‍ ഒരു സമിതിക്ക് രൂപം നല്‍കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഓരോ ഉദ്യോഗസ്ഥരും അവരുടെ അധികാരപരിധിയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് നേരിട്ട് ഉത്തരവാദികളായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.