'മദ്യപിച്ച് ബോധംപോയ പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു?': ആരോപണം അന്വേഷിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍വച്ച് ഡല്‍ഹിയിലേക്കുള്ള വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടത് മദ്യപിച്ചിട്ടാണെന്ന ആരോപണം പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. അദ്ദേഹത്തിനെതിരേ ഉയര്‍ന്നുവന്ന ആരോപണങ്ങളിലെ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ ലുഫ്താന്‍സ വിമാനത്തില്‍ നിന്ന് മന്നിനെ ഇറക്കിയത് മദ്യലഹരിയിലാണെന്ന് ശിരോമണി അകാലിദള്‍ (എസ്എഡി) തലവന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ തിങ്കളാഴ്ച ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബജ്‌വയും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സിന്ധ്യക്ക് കത്തയച്ചിട്ടുണ്ട്.
'ഇത് വിദേശരാജ്യത്ത് നടന്ന സംഭവമാണ്. വസ്തുതകള്‍ പരിശോധിച്ചുറപ്പിക്കേണ്ടതുണ്ട്. വിവരം നല്‍കേണ്ടത് ലുഫ്താന്‍സ എയര്‍ലൈന്‍ ആണ്. എനിക്ക് ലഭിച്ച പരാതികള്‍ പരിശോധിക്കും'- സിന്ധ്യ പറഞ്ഞു.
മദ്യപിച്ച് ലക്കുകെട്ട മുഖ്യമന്ത്രി പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഞായറാഴ്ച 1.40നാണ് അദ്ദേഹത്തിനുപോരേണ്ട വിമാനം ഫാങ്ക്ഫര്‍ട്ടില്‍നിന്ന് എടുക്കേണ്ടിയിരുന്നത്. ഒടുവില്‍ അത് 4.30നാണ് എടുത്തത്. മുഖ്യമന്ത്രി പിന്നീട് മറ്റൊരു വിമാനത്തിലാണ് നാട്ടിലെത്തിയത്.
അസുഖബാധിതനായതിനാലാണ് വൈകി പുറപ്പെട്ടതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പ്രതികരിച്ചത്. പ്രതിപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്ന് എഎപി ആരോപിച്ചു. വിമാനം വൈകിയതിനു പിന്നില്‍ സാങ്കേതികകാരണമാണെന്ന് വിശദീകരിക്കുന്ന ലുഫ്ത്താന്‍സയുടെ ട്വീറ്റ് എഎപി ഷെയര്‍ ചെയ്തു.
മുഖ്യമന്ത്രി കുടിച്ച് ലക്കുകെട്ട് നടക്കാന്‍ പോലും പറ്റാത്തപോലെയായിരുന്നെന്നും അതുകൊണ്ടാണ് വിമാനം നാല് മണിക്കൂര്‍ വൈകിയതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.