കൊവിഡ് പ്രതിദിന റിപോര്‍ട്ട് നല്‍കിയില്ലെന്ന കേന്ദ്ര ആരോപണം നിഷേധിച്ച് കേരള സര്‍ക്കാര്‍

Update: 2022-04-20 03:48 GMT

തിരുവനന്തപുരം: 2020 മുതല്‍ കൊവിഡ് കണക്കുകള്‍ കേരളം കൃത്യമായി കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ടെന്നും പ്രതിദിന കൊവിഡ് കണക്കുകള്‍ നല്‍കുന്നില്ലെന്ന ആരോപണം ശരിയല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും പ്രതിദിന റിപോര്‍ട്ട് പത്രങ്ങള്‍ വഴി നല്‍കുന്നത് നിര്‍ത്തിയിട്ടുണ്ടെങ്കിലും അത് കേന്ദ്രത്തിന് എല്ലാ ദിവസവും അയയ്ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ സര്‍വൈലന്‍സ് യൂനിറ്റില്‍ കേന്ദ്രം ആവശ്യപ്പെട്ട ഫോര്‍മാറ്റിലാണ് നല്‍കുന്നതെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി കൊവിഡ് കണക്കുകള്‍ ലഭിക്കുന്നില്ലെന്ന് ഏപ്രില്‍ 18ന് കേരള സര്‍ക്കാനുള്ള കത്തില്‍ കേന്ദ്രം ആരോപിച്ചിരുന്നു. അത് അഖിലേന്ത്യാതലത്തിലെ കൊവിഡ് അവസ്ഥയെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും അറിയിച്ചു.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് കേരളത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ എന്‍ ഖൊബ്രഗേഡിന് കത്തയച്ചത്. ഇത്തരം ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് മന്ത്രി പ്രതികരിച്ചു.

പ്രതിദിന രോഗബാധയെക്കുറിച്ചുള്ള കണക്കുകള്‍ കൊവിഡ് അവസ്ഥയെക്കുറിച്ചുള്ള നിഗമനങ്ങള്‍ രൂപീകരിക്കാന്‍ അവശ്യം വേണ്ടതാണെന്നായിരുന്നു ലവ് അഗവര്‍ലാള്‍ എഴുതിയത്.

Tags:    

Similar News