പ്രവാസികള്‍ക്കായി കപ്പലുകള്‍ പുറപ്പെട്ടു: നിര്‍ണായക യോഗങ്ങളുമായി കേരള സര്‍ക്കാര്‍
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേരുന്ന യോഗത്തില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും
തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവിനായി നാവികസേനയുടെ മൂന്ന് കപ്പലുകള്‍ പുറപ്പെട്ട സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ മുഖ്യമന്ത്രി വിളിച്ച നിര്‍ണായകയോഗങ്ങള്‍ ഇന്ന്. വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ തുറമുഖങ്ങളിലും ഏര്‍പ്പെടുത്തുന്ന കാര്യവും ഉന്നതതലയോഗം ചര്‍ച്ച ചെയ്യും. ഐ.എന്‍.എസ് ശ്രാദുലാണ് ദുബായിലേക്ക് തിരിച്ചത്. രണ്ട് കപ്പലുകള്‍ മാലദ്വീപിലേക്കാണ് പുറപ്പെട്ടത്. മടങ്ങിയെത്തുന്നത് കൊച്ചിയിലേക്കായിരിക്കും.ചികില്‍സാ, ക്വാറന്റീന്‍ സൗകര്യങ്ങളൊരുക്കാന്‍ സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തും.
ഇതിനായി ആശുപത്രി മാനേജ്‌മെന്റുകളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തും. ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേരുന്ന യോഗത്തില്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുക്കും. ഇതുവരെ 4.27 ലക്ഷം പ്രവാസികളാണ് മടങ്ങിവരവിന് താല്‍പര്യമറിയിച്ചിട്ടുള്ളത്. ഇതില്‍ രണ്ടരലക്ഷത്തോളം പേരെ താമസിപ്പിക്കുന്നതിനുള്ള ക്രമീകരണം ഒരുക്കിക്കഴിഞ്ഞതായി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. മടങ്ങിയെത്തുന്നവര്‍ക്കായുള്ള ടെസ്റ്റിങ് പ്രോട്ടോക്കോള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തേണ്ടി വരും. വിമാനത്താവളങ്ങളിലെ സ്‌ക്രീനിങ് സൗകര്യത്തിന് അന്തിമരൂപം നല്‍കണം. മടങ്ങിവരുന്നവര്‍ക്ക് വീടുകളിലേക്കും ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്കും പോകുന്നതിനുള്ള യാത്രാസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. മടങ്ങിയെത്തുന്നവരെ സ്വന്തം ജില്ലകളിലേക്ക് അയക്കണം എന്നതാണ് നിലവിലെ ധാരണ. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് നീക്കും.സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന ക്വാറന്റീന്‍ സൗകര്യം ആവശ്യമുളളവരെ അവിടേയ്ക്കും നീക്കും. പണംമുടക്കാന്‍ തയ്യാറുള്ളവര്‍ക്ക് ഹോട്ടല്‍ ലഭ്യമാക്കും. അല്ലാത്തവര്‍ക്കായി ഇതിനകം ഓഡിറ്റോറിയങ്ങള്‍, സ്‌കൂളുകള്‍, ലോഡ്ജുകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ നിലവിലുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തും. മതിയായ ക്രമീകരണമില്ലാത്ത സ്ഥലങ്ങളില്‍ അത് ഏര്‍പ്പെടുത്തും. താലൂക്ക് തലത്തിലാണ് ക്വാറന്റീന്‍ സെന്ററുകള്‍ കണ്ടെത്തുന്നത്. പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലാ തലത്തിലും തദ്ദേശസ്ഥാപനതലത്തിലും സമിതികള്‍ രൂപീകരിക്കും. ജില്ലാ തല സമിതിയില്‍ കലക്ടര്‍, എസ്.പി, ഡി.എം.ഒ, ജില്ലാ പഞ്ചായത്ത് ഓഫിസര്‍ എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്കാണ് പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട നടപടികളുടെ ജില്ലാതല നിയന്ത്രണം. പണം മുടക്കാന്‍ തയ്യാറുള്ള പ്രവാസികളെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചേക്കും. ഇതോടെ കൂടുതല്‍ പ്രവാസികളെ ഉള്‍ക്കൊള്ളാന്‍ സംസ്ഥാനത്തിനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.