ഹനുമാന്‍ ജന്മസ്ഥാന്‍ വികസിപ്പിക്കാനുള്ള പദ്ധതിയുമായി മഹാരാഷ്ട്ര സര്‍ക്കാര്‍
മുംബൈ:ഹനുമാന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന അഞ്ജനേരി പ്രദേശം വികസിപ്പിക്കുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പ്രദേശത്തെത്തുന്ന തീര്‍ഥാടകര്‍ക്കും സാഹസികര്‍ക്കും സൗകര്യമൊരുക്കാന്‍ വിശദമായ പദ്ധതി തയ്യാറാക്കുമെന്ന് സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെ പറഞ്ഞു.
മുംബൈയില്‍ നിന്ന് വടക്കുകിഴക്കായി 170 കിലോമീറ്റര്‍ അകലെയായി നാസിക്-ത്രിംബാകേശ്വറിനുമിടയിലാണ് അഞ്ജനേരി. ഇവിടേക്ക് 18 മീറ്റര്‍ വീതിയില്‍ 14 കിലോമീറ്റര്‍ റോഡ് നിര്‍മിച്ച് പ്രദേശ വികസനം ത്വരിതപ്പെടുത്താനാണ് സര്‍ക്കാറിന്റെ തീരുമാനം. എന്നാല്‍ ഇതിനെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്. 350 ഓളം ഇനം സസ്യങ്ങള്‍, 13 ഇനം സസ്തനികള്‍, നൂറുകണക്കിന് ഇനം ഉഭയജീവികള്‍, ഉരഗങ്ങള്‍, പ്രാണികള്‍, നൂറിലധികം ഇനം പക്ഷികള്‍, പുള്ളിപ്പുലികള്‍, കഴുതപ്പുലികള്‍ എന്നിവയുടെ വാസസ്ഥലമാണ് അഞ്ജനേരിയിലെ കുന്നുകള്‍. മലയോരത്തേക്ക് റോഡ് വന്നാല്‍ പ്രാദേശിക പരിസ്ഥിതി നശിക്കുമെന്നും സസ്യങ്ങളും പക്ഷികളും മൃഗങ്ങളും എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.