വൃക്കരോഗികള്‍ക്കുള്ള സഹായധനം സര്‍ക്കാര്‍ തിരിച്ചുപിടിച്ചു; ധനസഹായവിതരണത്തിനുള്ള നിബന്ധനകള്‍ ലഘൂകരിക്കണമെന്ന് ആവശ്യം

Update: 2022-04-08 15:49 GMT

മലപ്പുറം: മലപ്പുറം ജില്ലയിലെ ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുവേണ്ടി ജില്ലയിലെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ ജില്ലാ പഞ്ചായത്തിന് കൈമാറിയ തുകയില്‍ നിന്ന് സഹായം നല്‍കിയത് കഴിച്ചുള്ള തുക ട്രഷറിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ എടുത്തുകൊണ്ടുപോയി.

പദ്ധതി നടപ്പിലാക്കുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ കാരണം, യഥാസമയം സഹായം രോഗികള്‍ക്ക് കൈമാറാന്‍ കഴിയാതിരുന്നത് മൂലമാണ് മാര്‍ച്ച് 31ന് ഈ അക്കൗണ്ടില്‍ അവശേഷിച്ചിരുന്ന തുക സര്‍ക്കാര്‍ എടുത്ത് കൊണ്ട് പോയത്. 69,67,465 രൂപയാണ് ഇപ്രകാരം സര്‍ക്കാര്‍തിരിച്ചു പിടിച്ചത്.

ഡയാലിസിസ് നടത്തുന്ന സ്ഥാപനങ്ങള്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ ജില്ലാ മെഡിക്കല്‍ ഓഫിസറുമായി കരാര്‍ ഒപ്പിടണം എന്നും ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകള്‍ അവരുടെ വിഹിതം ജില്ലാപഞ്ചായത്തിന് കൈമാറണമെന്നും ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആണ് പദ്ധതിയുടെ നിര്‍വഹണം നടത്തേണ്ടത് എന്നുമുള്ള സങ്കീര്‍ണ്ണമായ സര്‍ക്കാര്‍ ഉത്തരവാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.

സങ്കീര്‍ണമായ ഈ നടപടിക്രമങ്ങള്‍ ലഘൂകരിച്ച് രോഗികള്‍ക്ക് നേരിട്ട് സഹായം നല്‍കുന്ന രീതിയില്‍ നിലവിലുള്ള ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാര്‍ ഇത് ചെവികൊള്ളുകയുണ്ടായില്ല.

ഡയാലിസിസ് നടത്തുന്ന 15 സ്ഥാപനങ്ങള്‍ മാത്രമാണ് ജില്ലാ മെഡിക്കല്‍ ഓഫിസറുമായി കരാര്‍ ഒപ്പിടാന്‍ സന്നദ്ധമായത്. അതുകൊണ്ട് ഇവിടെ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന 303 പേര്‍ക്കു മാത്രമാണ് സഹായം നല്‍കാന്‍ സാധ്യമായത്.

മലപ്പുറം ജില്ലയിലും കോഴിക്കോട്; പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലും സംസ്ഥാനത്തിന് പുറത്തുള്ള കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലും ആശുപത്രികളില്‍ ഡയാലിസിസ് നടത്തുന്ന രോഗികള്‍ മലപ്പുറം ജില്ലയില്‍ ഉണ്ട്. ഈ സ്ഥാപനങ്ങളൊന്നും മലപ്പുറത്ത് വന്ന് ഈ സഹായത്തിനു വേണ്ടി എഗ്രിമെന്റ് വെക്കാന്‍ മുന്നോട്ടുവരില്ല എന്ന് മനസ്സിലാക്കിയാണ് ഈ നടപടിക്രമങ്ങളില്‍ ലഘൂകരണം ആവശ്യപ്പെട്ടിരുന്നത്.

90,66,465 രൂപയാണ് വിവിധ ഗ്രാമ പഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നത്. ഇതില്‍ നിന്ന് സഹായം നല്‍കിയ 303 രോഗികള്‍ക്ക് നല്‍കിയ തുക കഴിച്ചുള്ള ബാക്കി തുകയാണ് 69,67,465 രൂപ സര്‍ക്കാര്‍ തിരിച്ചുപിടിച്ചത്.

സര്‍ക്കാരിന്റെ ഈ നിലപാടില്‍ കിഡ്‌നി പേഷ്യന്‍സ് വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് തറയില്‍ അബു, സിക്രട്ടരി ഉമ്മര്‍ അറക്കല്‍ ട്രഷറര്‍ ഡോ. അബൂബക്കര്‍ തയ്യില്‍ എന്നിവര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വളരെ തുഛമായ ഈ സഹായം നല്‍കുന്നതില്‍ പോലും എങ്ങിനെ സഹായം നല്‍കാതിരിക്കാം എന്ന രീതിയിലുള്ള സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍, ഈ നിലപാട് തിരുത്തണമെന്നും കിഡ്‌നി പേഷ്യന്‍സ് സൊസൈറ്റി ആവശ്യപ്പെട്ടു.

മാര്‍ച്ച് 31ന് ചിലവഴിക്കാന്‍ ബാക്കിയുള്ള തുക തിരിച്ചുപിടിച്ചത്, സര്‍ക്കാര്‍ ജില്ലാ പഞ്ചായത്തിന് തന്നെ തിരിച്ച് കൊടുക്കണമെന്നും സഹായം നല്‍കാന്‍ തടസ്സമായ നിബന്ധനകള്‍ ഒഴിവാക്കി രോഗികളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കിഡ്‌നി പേഷ്യന്‍സ് സൊസൈറ്റി ആംഗ്യപ്പെട്ടു.

Tags:    

Similar News