തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി അംഗവും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി ജയരാജന് സര്‍ക്കാര്‍ ചെലവില്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാന്‍ അനുമതി. വ്യവസായ മന്ത്രി പി രാജീവ് ചെയര്‍മാനായ ഖാദി ഡയറക്ടര്‍ ബോര്‍ഡാണ് വൈസ് ചെയര്‍മാന് വേണ്ടി 35 ലക്ഷം രൂപയുടെ കാര്‍ വാങ്ങാന്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധിക്കും ചെലവ് ചുരുക്കലിനും ഇടയിലാണ് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങാന്‍ ലക്ഷങ്ങള്‍ അനുവദിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് പി ജയരാജന് പുതിയ കാര്‍ വാങ്ങുന്നത്.
ഈ മാസം 15നാണ് വ്യവസായ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. വ്യവസായമന്ത്രി പി രാജീവ് കൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനമെടുത്തത്. പിന്നീട് മന്ത്രിസഭായോഗം ഉത്തരവിന് അംഗീകാരം നല്‍കി. പി ജയരാജന്റെ ശാരീരികാവസ്ഥകൂടി പരിഗണിച്ചാണ് തീരുമാനമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി ചീഫ് സെക്രട്ടറി നവംബര്‍ നാലിനും ധനവകുപ്പ് ഈ മാസം ഒമ്പതിനും പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കെയാണ് തീരുമാനം. അടുത്തിടെയാണ് മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ വാങ്ങാന്‍ ടൂറിസം വകുപ്പ് ലക്ഷങ്ങള്‍ അനുവദിച്ചത്.