സര്‍ക്കാരിന്റെ നിസ്സംഗത: ബീഹാറില്‍ പ്രളയബാധിതര്‍ മുസഫര്‍പൂര്‍ ഹൈവേ ഉപരോധിച്ചു
മുസഫര്‍പൂര്‍: പ്രളയം ദുരിതവും ദുരന്തവും വിതച്ച ബീഹാറില്‍ പ്രളയബാധിതര്‍ ദേശീയപാത 28 ഉപരോധിച്ചു. തടയാന്‍ ചെന്ന പോലിസിനെയും ജനങ്ങള്‍ വകവെച്ചില്ല. പ്രളയദുരിതത്തില്‍ മുങ്ങിയിട്ടും സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനം മുടക്കം വരുത്തുന്നതില്‍ പ്രതിഷേധിച്ചാണ് ജനങ്ങള്‍ സര്‍ക്കാരിനെതിരേ തിരിഞ്ഞത്.
ജനങ്ങള്‍ വടിയും കല്ലും ഉപയോഗിച്ച് പോലിസുകാരെ ആക്രമിച്ചതായി മുസഫര്‍പൂര്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
ആക്രമണത്തില്‍ മൂന്ന് പോലിസുകാര്‍ക്ക് പരിക്കേറ്റു. ആക്രമണവുമായി ബന്ധപ്പെട്ട് 12 ഗ്രാമീണരെ പോലിസ് അറസ്റ്റ് ചെയ്തു.
ബീഹാറില്‍ ഇതുവരെ 69,03,640 പേരെ പ്രളയം നേരിട്ട് ബാധിച്ചിട്ടുണ്ട്. 21 പേര്‍ മരിക്കുകയും ചെയ്തു. 33 ടീം കേന്ദ്ര, സംസ്ഥാന ദുരിത നിവാരണ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. കൊവിഡ് മൂലം പ്രതിസന്ധിയിലായ ജനങ്ങള്‍ പ്രളയം വന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.