പ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല വിസിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കണ്ണൂര്‍ സര്‍വകലാശാല അസോ പ്രഫസര്‍ നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്

Update: 2022-08-17 13:42 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന്റെ നിയമനം സ്‌റ്റേ ചെയ്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലറിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി. കണ്ണൂര്‍ സര്‍വകലാശാല അസോ പ്രഫ. നിയമനമാണ് ഗവര്‍ണര്‍ മരവിപ്പിച്ചത്. സേവ് യൂനിവേഴ്‌സിറ്റി കാംപയിന്‍ കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പട്ടികയില്‍ ഒന്നാം റാങ്കായിരുന്നു പ്രിയ വര്‍ഗ്ഗീസിന്. ചാന്‍സലറുടെ അധികാരത്തില്‍ വരുന്ന ചാപ്റ്റര്‍ മൂന്നിലെ സെക്ഷന്‍ ഏഴ് പ്രകാരമാണ് നടപടി. ഇത് സംബന്ധിച്ചുള്ള ഉത്തരവ് രാജ് ഭവന്‍ പുറത്തിറക്കി.

അതിനിടെ, കണ്ണൂര്‍ സര്‍വകലാശാല വിസിയ്ക്കും ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസും അയച്ചു.

കണ്ണൂര്‍ സര്‍വകലാശാല പ്രശ്‌നത്തിലെ തീരുമാനം അരമണിക്കൂറില്‍ അറിയാമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. താന്‍ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല. ചട്ടലംഘനങ്ങള്‍ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ചുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിങ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ പറഞ്ഞു. റിസര്‍ച്ച് സ്‌കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തു വിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തു വിടാന്‍ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളില്‍ നിന്ന് മനസിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥന്‍ നായര്‍ വ്യക്തമാക്കി. സര്‍വകലാശാലയ്ക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ അറിയിച്ചു. 

Tags:    

Similar News