ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണം; വിസിമാര്‍ ഹൈക്കോടതിയിലേക്ക്

Update: 2022-11-02 04:50 GMT

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ ഹൈക്കോടതിയിലേക്ക്. ഏഴ് വിസിമാരാണ് ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് ഹരജി നല്‍കിയത്. ഹരജി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. രാജി ആവശ്യപ്പെട്ടിട്ടും വിസിമാര്‍ രാജിവയ്ക്കാത്തതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ബുധനാഴ്ചയാണ് ഗവര്‍ണറുടെ നോട്ടീസിനു മറുപടി നല്‍കാനുള്ള അവസാന തിയ്യതി. ഈ സാഹചര്യത്തിലാണ് വിസിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ചാന്‍സലര്‍ക്ക് നേരിട്ട് വിസിയെ പുറത്താക്കാനാവില്ലെന്ന് ഹരജിയില്‍ പറയുന്നു. ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടിസ് നിയമവിരുദ്ധമാണ്. വിസിക്കെതിരേ നടപടിയെടുക്കുന്നതിനു മുമ്പ് വിരമിച്ച ജഡ്ജി അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സമിതിയെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് ചട്ടം. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറുടെ നിയമനം സുപ്രിംകോടതി റദ്ദാക്കിയതിനു പിന്നാലെയാണ് മറ്റ് വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്. നിയമനം യുജിസി ചട്ടപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

ഗവര്‍ണര്‍ പുറത്താക്കിയതിനെതിരേ കേരള സര്‍വകലാശാലയിലെ 15 സെനറ്റംഗങ്ങള്‍ സമര്‍പ്പിച്ച ഹരജിയും ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുന്നുണ്ട്. അതേസമയം, കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച സാങ്കേതിക സര്‍വകലാശാല വിസി ഒഴികെയുള്ള 10 വൈസ് ചാന്‍സലര്‍മാരില്‍ ആര്‍ക്കെങ്കിലും നേരിട്ടുള്ള ഹിയറിങ് വേണമെങ്കില്‍ അറിയിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരിട്ട് രാജ്ഭവനിലെത്തി വിശദീകരണം നല്‍കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ ഏഴാം തിയ്യതിക്ക് മുമ്പ് അറിയിക്കണമെന്നാണ് നിര്‍ദേശം.

Tags:    

Similar News