ഗവര്‍ണറുടെ നിയമോപദേഷ്ടാവ് സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ അഭിഭാഷകന്‍

Update: 2022-11-10 06:42 GMT

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണക്കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകനെന്ന് റിപോര്‍ട്ട്. സ്വര്‍ണക്കടത്തുക്കേസിലെ ഒന്നാംപ്രതി സരിത്തിന്റെ അഭിഭാഷകനായിരുന്നു ഗവര്‍ണറുടെ നിയമോപദേഷ്ടാവായി നിയോഗിക്കപ്പെട്ട ഗോപകുമാരന്‍ നായര്‍. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ റിപോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. കേരള ഹൈക്കോടതിയിലും സുപ്രിംകോടതിയിലും മുതിര്‍ന്ന അഭിഭാഷകനായ ഗോപകുമാരന്‍ നായര്‍ ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ഗവര്‍ണറുടെ ഹൈക്കോടതിയിലെ നിയമോപദേശകനായിരുന്ന ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ജാജു ബാബുവും കേരള സര്‍വകലാശാലകളിലെ സ്റ്റാന്റിങ് കോണ്‍സലായിരുന്ന അഡ്വ. എം യു വിജയലക്ഷ്മിയും കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. ഇവരെക്കൊണ്ട് രാജിവയ്പ്പിച്ചതാണെന്ന റിപോര്‍ട്ടുകളുമുണ്ട്. താങ്കള്‍ക്കറിയാവുന്ന കാരണത്താലാന്നാണ് ഇരുവരും രാജിക്കത്തില്‍ തങ്ങളുടെ രാജിക്കുള്ള കാരണമായി സൂചിപ്പിച്ചിരിക്കുന്നത്. ഇരുവരും രാജിവച്ചതിന് പിന്നാലെ രാത്രിയോടെ പുതിയ നിയമോപദേഷ്ടാവിനെ വച്ചെന്ന റിപോര്‍ട്ടും വന്നിരുന്നു.

Tags:    

Similar News