വന്യജീവി ആക്രമണം: സര്‍ക്കാര്‍ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം: മഞ്ജുഷ മാവിലാടം
തിരുവനന്തപുരം: വന്യജീവികള്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്നും അധികാരികള്‍ മെല്ലെപ്പോക്ക് അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മഞ്ജുഷ മാവിലാടം. 2016 മുതല്‍ 2024 വരെ കേരളത്തില്‍ വന്യജീവി ആക്രമണങ്ങളില്‍ 968 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 700 ല്‍ പരം ആളുകള്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം പോലും സര്‍ക്കാര്‍ നല്‍കിയത്. 2016 മുതല്‍ 2023 വരെ മാത്രം കേരളത്തില്‍ 55,839 വന്യജീവി ആക്രമണങ്ങളുണ്ടായത്.
2021 മുതല്‍ 2024 ജൂലൈ വരെ മൂന്നര വര്‍ഷത്തിനുള്ളില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 316 പേര്‍ കൊല്ലപ്പെട്ടതായും 3695 പേര്‍ക്ക് സാരമായ പരിക്കേറ്റതായും കേന്ദ്ര വനംവകുപ്പ് പറയുന്നു. ഈ കാലയളവില്‍ 1844 വളര്‍ത്തുമൃഗങ്ങളേയും വന്യജീവികള്‍ കൊന്നു തിന്നു. വന്യജീവികള്‍ കൂട്ടമായി കാടിറങ്ങി വിളകള്‍ നശിപ്പിക്കുന്നതും പതിവായിരിക്കുന്നു. 20,006 കൃഷിയിടങ്ങളിലെ വിളകള്‍ വന്യജീവികള്‍ നശിപ്പിച്ചതായും കേന്ദ്രസര്‍ക്കാരിന്റെ കണക്കുകളില്‍ കാണാം. പലിശയ്ക്ക് പണം കടമെടുത്ത് പോലും കൃഷി ചെയ്യുന്ന കര്‍ഷകര്‍ വിളനാശം മൂലം കടക്കെണിയിലാകുമ്പോഴും അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം കൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മനുഷ്യ - വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 48.85 കോടി രൂപയില്‍ ആകെ അനുവദിച്ചത് 21.82 കോടി രൂപമാത്രമാണ്. വന്യമൃഗ ശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ സൗരോര്‍ജ്ജ വേലി, തൂക്കു വേലി, കിടങ്ങ്, സംരക്ഷണ ഭിത്തി, റെയില്‍ ഫെന്‍സിംഗ് മുതലായവ നിര്‍മിച്ചെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ച് ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു വനം മന്ത്രിയെന്നും മഞ്ജുഷ മാവിലാടം പറഞ്ഞു.
വന്യജീവി സങ്കേതങ്ങള്‍ മെച്ചപ്പെടുത്തുക, നിര്‍മാണമുള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ നവീകരിക്കുക, ദ്രുതകര്‍മ സേനയെ ശക്തമാക്കുക, പൊതുജന പങ്കാളിത്തം ഉറപ്പാക്കുക, മൃഗങ്ങളുടെ വരവിനെയും ആക്രമണത്തെയും കുറിച്ച് മുന്നറിയിപ്പ് നല്‍കുക, ആക്രമണത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗങ്ങള്‍ അവലംബിക്കുക തുടങ്ങി സമഗ്രവും സത്വരവുമായ നടപടികളിലൂടെ മാത്രമേ ജനങ്ങളുടെ ജീവനും സ്വത്തുക്കളും സുരക്ഷിതമാക്കാന്‍ കഴിയൂ. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മഞ്ജുഷ മാവിലാടം ആവശ്യപ്പെട്ടു.