വന്യജീവി ആക്രമണം: ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ മനുഷ്യ ജീവനുകള്‍ക്ക് പുല്ലുവില: പി ജമീല
വനംമന്ത്രിയുടെ പ്രസ്താവന മൃതദേഹത്തെ പോലും ആക്ഷേപിക്കുന്നതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു

തിരുവനന്തപുരം: വന്യജീവി ആക്രമണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇടതു സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കാത്തത് മനുഷ്യജീവനുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നതു കൊണ്ടാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. വന്യജീവി ആക്രമണങ്ങള്‍ ജനവാസ മേഖലയിലല്ലെന്ന വനംമന്ത്രിയുടെ പ്രസ്താവന മൃതദേഹത്തെ പോലും ആക്ഷേപിക്കുന്നതാണെന്നും അങ്ങേയറ്റം അപലപനീയമാണെന്നും അവര്‍ പറഞ്ഞു.
രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ മാത്രം നാലു പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വയനാട് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45), ഇടുക്കി പെരുവന്താനം ചെന്നാപ്പാറക്ക് സമീപം കൊമ്പം പാറയില്‍ നെല്ലിവിളപുത്തന്‍വീട്ടില്‍ ഇസ്മായിലിന്റെ ഭാര്യ സോഫിയ (45), തിരുവനന്തപുരം പാലോട് ഇടുക്കുംമുഖം വനത്തില്‍ മടത്തറ- ശാസ്താംനട സ്വദേശി ബാബു എന്നിവരുടെ ദാരുണ മരണത്തിന്റെ വേദന വിട്ടുമാറുന്നതിനു മുമ്പാണ് വയനാട് മേപ്പാടിക്കടുത്ത അട്ടമലയില്‍ ഏറാട്ടുകുണ്ട് കോളനിയില്‍ ബാലന്‍ (27) കൊല്ലപ്പെട്ടിരിക്കുന്നത്. മരണപ്പെട്ടവരുടെ ഉറ്റവര്‍ക്ക് അര്‍ഹമായ സമാശ്വാസ ധനസഹായം ഉടന്‍ നല്‍കണം. കുടുംബത്തിന്റെ അത്താണിയായവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. അവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കൂടാതെ വന്യജീവി ആക്രമണം തടയുന്നതിനാവശ്യമായ അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പി ജമീല ആവശ്യപ്പെട്ടു.