ഇടതുഭരണത്തില്‍ സമ്പൂര്‍ണ അഴിമതി: മുഖ്യമന്ത്രി മൗനം വെടിയണം-എസ് ഡിപിഐ

Update: 2023-05-06 10:59 GMT

തിരുവനന്തപുരം: ഇടത് ഭരണത്തില്‍ അടിമുടി അഴിമതിയാണെന്നും മുഖ്യമന്ത്രി മൗനം വെടിയണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. എഐ കാമറ, കെ ഫോണ്‍, ലൈഫ് ഫ്‌ലാറ്റ് തുടങ്ങി ഇടതുപക്ഷ സര്‍ക്കാരിനെതിരേ നിരന്തരമായി ഉയര്‍ന്നുവരുന്ന അഴിമതികളെക്കുറിച്ച് സമഗ്രാന്വേഷണം വേണം. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാവിധ ഇടപാടുകളെ കുറിച്ചും സിറ്റിങ് ജഡ്ജി അന്വേഷിക്കണം. സംസ്ഥാനത്ത് എ ഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതി നടന്നതായി വ്യക്തമാകുന്ന തരത്തില്‍ രേഖകളും റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടും മുഖ്യമന്ത്രി ഇതു സംബന്ധിച്ച് ഒരക്ഷരം മിണ്ടുന്നില്ല. വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നതോടെ തങ്ങളുടെ നിയന്ത്രണത്തിലുള്ളവരെ വച്ച് അന്വേഷണം നടത്തി തടിയൂരാനാണ് ശ്രമിക്കുന്നത്. ചില ഉദ്യോഗസ്ഥരെ ബലിയാടാക്കി പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ നടത്തുന്ന ശ്രമം അപഹാസ്യമാണ്. അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ ബന്ധുക്കളിലേക്കെത്തിയിട്ടും മുഖ്യമന്ത്രി മൗനം അവലംബിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. കണ്ടാല്‍ കളി കണ്ടില്ലെങ്കില്‍ കാര്യം എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇടതു സര്‍ക്കാര്‍ അഴിമതി നടത്തുന്നത്. സ്വര്‍ണ കള്ളക്കടത്ത് കേസും മുഖ്യമന്ത്രിയുടെ ഓഫിസിലും കുടുംബത്തിലുമെത്തിയതോടെ അന്വേഷണം വഴിമാറുകയായിരുന്നു. എഐ കാമറ അഴിമതി സംബന്ധിച്ച് പൊതുസമൂഹത്തോട് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അഴിമതി നടത്താനും തന്ത്രപൂര്‍വം നില്‍ക്കാനുമുള്ള മെയ് വഴക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ നേടിയിരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, ട്രഷറര്‍ അഡ്വ. എ കെ സ്വലാഹുദ്ദീന്‍, അഷ്‌റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.





Tags:    

Similar News