
കല്‍പ്പറ്റ: നൂല്‍പ്പുഴ പഞ്ചായത്തില്‍ ആദിവാസി യുവാവ് മനു കൊല്ലപ്പെട്ട സംഭവത്തില്‍ പൂര്‍ണ്ണ ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും മനുഷ്യജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട ഭരണകൂടം കടമയും കര്‍ത്തവ്യവും മറക്കുകയാണെന്നും എസ്ഡിപിഐ വയനാട് ജില്ലാ സെക്രട്ടറി എസ് മുനീര്‍.
ജില്ലയില്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവന്‍ പൊലിയുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. കര്‍ഷകരും തൊഴിലാളികളുമടങ്ങുന്ന സാധാരണക്കാര്‍ ഏതു നിമിഷവും ജീവഹാനി സംഭവിക്കുമെന്ന ഭീതിയിലാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മരണാനന്തര നഷ്ടപരിഹാരമല്ല പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമാണ് കണ്ടെത്തേണ്ടത്. ജില്ലയിലെ പല പ്രദേശങ്ങളും കടുവ ഭീഷണിയിലാണ്. കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയാന്‍ നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ പര്യാപ്തമല്ലെന്നും മുനീര്‍ പറഞ്ഞു.
അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കൂടും ക്യാമറയും സ്ഥാപിക്കല്‍ മാത്രമല്ല ഭരണകൂട ബാധ്യത. സ്വതന്ത്രജീവിതവും സുരക്ഷയും നഷ്ടപ്പെടുമ്പോഴും, നഷ്ടപരിഹാര തൃപ്തിയല്ല, പൊതുജനം നിയമവാഴ്ചയെ ബഹുമാനിക്കുന്നതുകൊണ്ട് മാത്രമാണ് ജില്ലയില്‍ ക്രമസമാധാനം നിലനില്‍ക്കുന്നത്. വനനിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയല്ല കാലോചിതമായി ഭേദഗതി ചെയ്യുകയാണ് വേണ്ടത്. വന്യമൃഗ സംരക്ഷണമല്ല മനുഷ്യ ജീവനാണ് പ്രധാനമെന്നും സര്‍ക്കാര്‍ നിസ്സംഗത തുടര്‍ന്നാല്‍ ജനങ്ങള്‍ക്കു വേണ്ടി പാര്‍ട്ടി തെരുവിലിറങ്ങുമെന്നും എസ് മുനീര്‍ പറഞ്ഞു.