ലോക്ക്ഡൗണ്‍2: പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്രം പുറത്തുവിട്ടു

Update: 2020-04-15 07:19 GMT

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച രണ്ടാം ഘട്ട  ലോക്ക്ഡൗണില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ദേശങ്ങള്‍ക്ക് അന്തിമരൂപം നല്‍കിയത്. ഏപ്രില്‍ 20നു ശേഷമാണ് ഇവ പ്രാബല്യത്തില്‍ വരിക. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ്.

പുതിയ നിര്‍ദേശപ്രകാരം ആഭ്യന്തര-വിദേശ വിമാനയാത്രയ്ക്കുള്ള വിലക്ക് തുടരും. റയില്‍ ഗതാഗതം ആരംഭിക്കില്ല. പൊതുഗതാഗതവും നിര്‍ത്തിവച്ചത് തുടരും. മെട്രോയും ഓടുകയില്ല.

എല്ലാ സ്‌കൂള്‍, കോളജ്, കോച്ചിങ് വിദ്യാഭ്യാസസ്ഥാപനങ്ങളും അടച്ചിടും. ജില്ലയ്ക്കു പുറത്തേക്കും സംസ്ഥാനത്തേക്കു പുറത്തേക്കുമുള്ള പൗരന്മാരുടെ യാത്രക്കുളള വിലക്ക് തുടരും.

ടാക്‌സി കാറുകള്‍, ഓട്ടോകള്‍ തുടങ്ങിയവയ്ക്കും വില്ക്കുണ്ട്. സിനിമാഹാള്‍, മാളുകള്‍, ഷോപ്പിങ് കോംപ്ലക്‌സുകള്‍ എന്നിവയ്ക്കും മെയ് 3 വരെ തുറക്കാനാവില്ല. മതപരമായ ആഘോഷങ്ങള്‍ക്കും വിലക്കുണ്ട്. മരണാനന്തര ചടങ്ങുകളില്‍ 20 പേരില്‍ കൂടരുത്.

ആരോഗ്യവുമായി ബന്ധപ്പെട്ട സര്‍വീസുകള്‍, ഫാര്‍മസി, വെറ്റിനറി ആശുപത്രികള്‍ തുടങ്ങിയവ തുറക്കാം. മരുന്നുല്‍പ്പാദനമേഖലയില്‍ വിലക്കില്ല. മാധ്യമസ്ഥാപനങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി. കാര്‍ഷിക മേഖലിയില്‍ വിവിധ ജോലികള്‍ തുടരാം. തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, ജലവിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ തുടരാം. പ്ലാന്റേഷനില്‍ 50 ശതമാനം ജോലിക്കാരെ വച്ച് പണി തുടരാം. ആര്‍ബിഐ, ബാങ്ക്, എടിഎം എന്നിവയ്ക്ക് തടസ്സമില്ലാതെ പ്രവര്‍ത്തിക്കാനാവും.  തുടങ്ങി കാര്‍ഷിക, ആരോഗ്യ, ബാങ്കിങ് മേഖലിയല്‍ നിരവധി വിലക്കുകള്‍ ഒഴിവാക്കുന്നുണ്ട്.



Tags:    

Similar News