ഗോവധ ആരോപണം; 7 മുസ് ലിം യുവാക്കളെ വെടിവച്ചിട്ട പോലിസുകാരനെതിരേ അന്വേഷണം; വെടിവയ്പിനെ ന്യായീകരിച്ച് ബിജെപി എംഎല്‍എ
ഗാസിയാബാദ്: ഗോവധ ആരോപണം ഉന്നയിച്ച് 7 മുസ് ലിം യുവാക്കളെ വെടിവച്ച് പരിക്കേല്‍പ്പിച്ച ലോണി പോലിസ് സ്‌റ്റേഷനിലെ എസ്എച്ച്ഓ രാജേന്ദ്ര ത്യാഗിക്കെതിരേ ഗാസിയാബാദ് പോലിസ് സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചു. പോലിസ് ജനറല്‍ ഡയറിയില്‍ ഔദ്യോഗികമല്ലാത്ത കാര്യം രേഖപ്പെടുത്തിയതിനും ഗോവധം ആരോപിച്ച് യുവാക്കളെ വെടിവച്ച സംഭവത്തിലും ഔദ്യോഗിക രഹസ്യം പുറത്തുവരാന്‍ ഇടയായതിലുമാണ് അന്വേഷണം നടക്കുന്നത്.
രാജേന്ദ്ര ത്യാഗിയെ നേരത്തെ ഗാസിയാബാദ് എസ്എസ്പി പവന്‍ കുമാര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രാദേശിക ഗുണ്ടകളുമായി ഏറ്റുമുട്ടല്‍ നടത്തിയതിന്റെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്ന, ത്യാഗിയുടെ പോലിസ് ജനറല്‍ ഡയറിയിലെ പരാമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണ് നടപടി.
നവംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം. പോലിസ് പറയുന്ന കഥ ഇങ്ങനെ:
നവംബര്‍ 11ന് രാവിലെ 6 മണിക്ക് ലോണിയിലെ ഹാജിപൂരില്‍ പോലിസ് സംഘം ഒരു സ്‌ക്രാപ്പ് ഗോഡൗണിലെത്തി. അവിടെ ഗോവധം നടക്കുന്നുവെന്ന വിവരം കേട്ടാണ് എത്തിയത്. അവിടെ ആ സമയത്ത് മൃഗങ്ങളെ അറക്കുകയാണ്. ഗൗഡൗണില്‍ 7 പേരുണ്ടായിരുന്നു. പോലിസിനെ കണ്ടപ്പോള്‍ ഏഴ് പേരും വെടിയുതിര്‍ത്തു. പോലിസും തിരിച്ച് വെടിവച്ചു. എല്ലാവരുടെയും കാലില്‍ ഉണ്ട തറച്ചു. ഗൗഡൗണില്‍ നിന്ന് ഏഴ് തോക്കുകളും രണ്ട് മഴുവും അഞ്ച് കത്തികളും 2 ബണ്ടില്‍ പ്ലാസ്റ്റിക് വയറുകളും പശുവിന്റെയും ചെറിയ ആനകളുടെയും മൃതദേഹങ്ങളും കണ്ടെത്തി.
സംഭവം പുറത്തുവന്നതോടെ വ്യാപകമായ പ്രതിഷേധമുണ്ടായി. നവംബര്‍ 12ന് വെടിവയ്പിന് നേതൃത്വം നല്‍കിയ ത്യാഗിയെ പോലിസ് മറ്റൊരു സ്‌റ്റേഷനിലേക്ക് സ്ഥലം മാറ്റി. സ്ഥലം മാറ്റിയത് തന്നോട് ചെയ്യുന്ന അനീതിയാണെന്ന് ത്യാഗി ലോണി സ്‌റ്റേഷനിലെ പോലിസ് ജനറല്‍ ഡയറില്‍(ജിഡി) രേഖപ്പെടുത്തി. അടുത്ത ദിവസം ജിഡിയുടെ പ്രസ്തുത പേജ് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇതിനെതിരേയാണ് പോലിസ് നടപടി സ്വീകരിച്ചത്. എഴുതാന്‍ പാടില്ലാത്ത കാര്യം ജിഡിയില്‍ എഴുതിയതും എഴുതിയ പേജ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതും ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റിന്റെ ലംഘനമാണ്. അതും അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ഗാസിയാബാദ് എസ്എസ് പി പവന്‍ കുമാര്‍ പറഞ്ഞു. അതിനുശേഷമാണ് തുടര്‍നടപടിയുണ്ടാവുക. സംഭവത്തിനുശേഷം ത്യാഗി അനധികൃതമായി ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
'ഔദ്യോഗിക രേഖയില്‍ നല്‍കിയിട്ടുള്ള എന്‍ട്രി അനധികൃതമാണ്. രണ്ടാമതായി, ഈ രഹസ്യരേഖ ചോര്‍ന്നു. പോലിസുകാരനും അനുവദിയില്ലാതെ അവധിയില്‍ പോയി''-എസ്എസ് പി പവന്‍ കുമാര്‍ പറഞ്ഞു.
പശുക്കളെ അറുത്ത് വില്‍ക്കുന്നവരുടെ പണം വാങ്ങിയാണ് പോലിസ് മേധാവികള്‍ ത്യാഗിയെ പുറത്താക്കിയതെന്ന ആരോപണവുമായി ബിജെപിയുടെ ലോണി എംഎല്‍എ നന്ദ് കിശോര്‍ ഗുര്‍ജര്‍ രംഗത്തെത്തിയിട്ടുണ്ട്. പോലിസുകാര്‍ 40 ലക്ഷം രൂപ കൈക്കൂലി ഇനത്തില്‍ വാങ്ങിയെന്നും അദ്ദേഹം ആരോപണമുന്നയിച്ചു. ത്യാഗി സത്യസന്ധനാണെന്നും അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും എംഎല്‍എ ആരോപിച്ചു.
യോഗി ആദിത്യനാഥിന് ഇതുസംബന്ധിച്ച കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ചെയ്തത് ശരിയായ കാര്യമാണെന്നാണ് ത്യാഗിയുടെ നിലപാട്. തന്റെ ഭാഗത്ത് തെറ്റുകളില്ലെന്നും എന്നിട്ടും നടപടിയെടുത്തത് ശരിയല്ലെന്നും ത്യാഗി പറയുന്നു.
തങ്ങളുടെ മതമാണ് മക്കളെ ജയിലിലാക്കിയതെന്ന് കസ്റ്റഡിയില്‍ കഴിയുന്നവരുടെ മാതാപിതാക്കള്‍ പറഞ്ഞു. ഏഴ് പേരും ഇപ്പോള്‍ ജയിലിലാണ്. ഏഴ് പേരില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാവാത്തവരാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.