കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും കൊവിഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്ന് ആരോഗ്യമന്ത്രാലയം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ തുടര്‍ന്നും ഡോസൊന്നിന് 150 രൂപയ്ക്ക് കമ്പനികളില്‍ നിന്ന് വാങ്ങി സംസ്ഥാനസര്‍ക്കാരുകള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോണ്‍ഗ്രസ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ജയ്‌റാം രമേശിന്റെ ട്വീറ്റിന് മറുപടിയായാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ട്വീറ്റ്.
''കേന്ദ്ര സര്‍ക്കാര്‍ രണ്ട് കൊവിഡ് വാക്‌സിനുകളും 150 രൂപയ്ക്ക് കമ്പനികളില്‍ നിന്ന് വാങ്ങി സൗജന്യമായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും''- ആരോഗ്യമന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫിസിനെയും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെയും ടാഗ് ചെയ്തിട്ടുണ്ട്.
സിറം ഇന്‍സ്റ്റിറ്റിയൂട്ട് 600 രൂപയ്ക്കാണ് കൊവിഷീല്‍ഡ് സ്വകാര്യ ആശുപത്രികള്‍ക്ക് വില്‍ക്കുന്നതെന്നും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് 400 രൂപയ്ക്കാണ് നല്‍കുന്നതെന്നും അത് ലോകത്തെ ഏറ്റവും ഉയര്‍ന്ന വിലയാണെന്നും എഴുതിയിട്ടുള്ള ട്വീറ്റില്‍ രാജ്യങ്ങളേതെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍, സൗദി, ബംഗ്ലാദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വില ഇതിനേക്കാള്‍ കുറവാണെന്നാണ് അദ്ദേഹം പറയുന്നത്. 150 രൂപ തന്നെ ലാഭകരമാണെന്ന് പൂനെവാല പറഞ്ഞ കാര്യവും ട്വീറ്റില്‍ സൂചിപ്പിച്ചിരിക്കുന്നു.
മുന്‍ഗണനാ വിഭാഗങ്ങളില്‍പെടാത്തവര്‍ക്കുള്ള വാക്‌സിന്‍ സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പിനികളില്‍നിന്ന് വാങ്ങണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. ഇതിനുള്ള തുകയാണ് 400. സ്വകാര്യ സ്ഥാപനങ്ങള്‍ 600 രൂപ നല്‍കേണ്ടിവരും. ഈ തുകയെക്കുറിച്ചായിരുന്നു ട്വീറ്റ്. പക്ഷേ, ആരോഗ്യമന്ത്രാലയത്തിന്റെ മറുപടി മുന്‍ഗണനാവിഭാഗത്തെക്കുറിച്ചായിരുന്നു.