പരീക്ഷാഫീസ് അടയ്ക്കുന്നില്ല; പട്ടികവിഭാഗ വിദ്യാര്‍ഥികളുടെ പഠനം അനിശ്ചിതത്വത്തിലെന്ന് അണ്ണാ ഡിഎച്ച്ആര്‍എം പാര്‍ട്ടി
പരീക്ഷാ ഫീസ് അടയ്ക്കാത്ത നടപടി തുടര്‍ന്നാല്‍ എംബിബിഎസ്, എന്‍ജിനീയറിങ് തുടങ്ങി പ്രഫഷനല്‍ കോഴ്‌സുകളില്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യമുണ്ടാവും
തിരുവനന്തപുരം: പരീക്ഷാഫീസ് അടയ്ക്കാതെ സംസ്ഥാന സര്‍ക്കാര്‍ പട്ടികജാതിവര്‍ഗ വിദ്യാര്‍ഥികളുടെ പഠനം മുടക്കുകയാണെന്ന് അണ്ണാ ഡി എച്ച്ആര്‍എം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉഷ കൊട്ടാരക്കര. 2021-22 സാമ്പത്തിക വര്‍ഷം മുതലാണ് പുത്തന്‍ പരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയത്. മുന്‍വര്‍ഷങ്ങളിലേത് പോലെ ലംസംഗ്രാന്റ് വിദ്യാര്‍ഥികളുടെ അക്കൗണ്ടിലും പരീക്ഷാഫീസ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ നേരിട്ട് നല്‍കുകയും ചെയ്യുന്ന രീതി തുടരണം. നിലവില്‍ വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് അടയ്ക്കാത്ത നടപടി തുടര്‍ന്നാല്‍ എംബി ബിഎസ്, എന്‍ജിനീയറിങ് തുടങ്ങി പ്രഫഷനല്‍ കോഴ്‌സുകളില്‍ അടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്ത സാഹചര്യം തുടര്‍ന്നും ഉണ്ടാവും.
പരീക്ഷാഫീസ് ഏറെ വൈകിയാണെങ്കിലും വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നുള്ള വകുപ്പിന്റെ വിശദീകരണം ഏറെ വിചിത്രമാണ്. ഇത് വിദ്യാര്‍ഥികളുടെ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ മാത്രമേ കാരണമാവൂ. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് പ്രസ്തുത നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ പറയുമ്പോള്‍ പോലും വിദ്യാര്‍ഥികളുടെ പരീക്ഷയെഴുതാനുള്ള അവകാശം സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. മാത്രവുമല്ല എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തില്‍ വൈകിയെത്തുന്ന വകുപ്പിന്റെ ഫീസ് ആനുകൂല്യങ്ങളെക്കുറിച്ച് അറിയിപ്പ് നല്‍കുകയും വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവകാശം ഒരുകാരണവശാലം നിഷേധിക്കരുതെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇതൊന്നും ചെയ്യാതെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെടുത്തിയ ഇടതു സര്‍ക്കാര്‍ പട്ടികവിഭാഗ വിദ്യാര്‍ഥികളോട് മാപ്പ് പറയാന്‍ തയ്യാറാവണം. വിദ്യാര്‍ഥികളുടെ അക്കാദമിക് ഇയര്‍ നഷ്ടമാവാതെ സമാന്തര പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ഉഷ കൊട്ടാരക്കര വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.