തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പുല്ലുവില: തമിഴ്‌നാട്ടില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഡിഎംകെ പ്രവര്‍ത്തകരുടെ വിജയാഘോഷം
ചെന്നൈ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ പാടില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ച് തമിഴ്‌നാട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷം സംഘടിപ്പിച്ചു. ചെന്നൈ അണ്ണ അറിവാളയത്തെ ഡിഎംകെ ആസ്ഥാനത്തിനു മുന്നിലാണ് നിരവധി പേര്‍ തടിച്ചുകൂടി വിജയമാഘോഷിച്ചത്.
ആഗസ്റ്റ് 21, 2020ലെ ഗൈഡ് ലൈന്‍ അനുസരിച്ച് കൊവിഡ് ആരോഗ്യനിര്‍ദേശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഒരു വിധത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്നായിരുന്നു കമ്മീഷന്‍ ഉത്തരവിട്ടത്.
വിജയിച്ച സ്ഥാനാര്‍ത്ഥിയോടൊപ്പം രണ്ടില്‍ കൂടുതല്‍ പേര്‍ പാടില്ലെന്നും ഉത്തരവിട്ടിട്ടുണ്ട്. അവര്‍തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റുള്ളവരുമായിരിക്കണം.
തമിഴ്‌നാട്ടില്‍ നിന്ന് ഇതുവരെ പുറത്തുവന്ന വിവരമനുസരിച്ച് ഡിഎംകെ 98 സീറ്റിലും എഐഎഡിഎംകെ 81 സീറ്റിലും മുന്നിട്ടുനില്‍ക്കുകയാണ്.
ഏപ്രില്‍ 6നായിരുന്നു തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടന്നത്.
234 അംഗ നിയമസഭയിലേക്ക് 3,998 പേരാണ് മല്‍സരരംഗത്തുണ്ടായിരുന്നത്.