വാരണാസിയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിന് വന്‍ സുരക്ഷ: വാക്‌സിന്‍ എത്തിച്ചത് സൈക്കിളില്‍
വാക്‌സിന്‍ വിതരണത്തിന് സുരക്ഷയൊരുക്കാന്‍ തോക്കേന്തിയ പോലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടയിലേക്കാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ വാക്‌സിനുമായി സൈക്കിള്‍ ചവിട്ടി എത്തിയത്.
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാ മണ്ഡലമായ വാരണാസിയില്‍ കൊവിഡ് വാക്‌സിന്‍ എത്തിച്ചത് സൈക്കിളില്‍. മറ്റു വാഹനങ്ങളൊന്നും ലഭിക്കാതെ വന്നതോടെയാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ സൈക്കിളിന്റെ ഹാന്റിലില്‍ വാക്‌സിന്‍ ബോക്‌സുകള്‍ തൂക്കിയിട്ട് എത്തിച്ചത്. അതേസമയം വാക്‌സിന്‍ വിതരണത്തിന് സുരക്ഷയൊരുക്കാന്‍ തോക്കേന്തിയ പോലീസുകാരെ വിന്യസിച്ചിരുന്നു. ഇതിനിടയിലേക്കാണ് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ വാക്‌സിനുമായി സൈക്കിള്‍ ചവിട്ടി എത്തിയത്.
വാരണാസിയിലെ അഞ്ച് കേന്ദ്രങ്ങളിലാണ് വാക്‌സിന്‍ വിതരണം. വനിതകള്‍ക്കു വേണ്ടിയുള്ള ആശുപത്രിയിലേക്ക് മാത്രമാണ് സൈക്കിളില്‍ വാക്‌സിന്‍ എത്തിച്ചത്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുരക്ഷയ്ക്കായി പൊലീസിനെ അടക്കം നിയോഗിച്ചിരുന്നുവെന്ന് വാരണാസി സിഎംഒ ഡോ. വി ബി സിങ് പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനു മുന്നോടിയായുള്ള ഡ്രൈ റണ്ണിനെ പൂര്‍ണമായ തയാറെടുപ്പുകളോടും ആത്മാര്‍ത്ഥതയോടും സമീപിക്കണമെന്ന് മുഖ്യമന്ത്രി ആദിത്യനാഥ് തിങ്കളാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലെയും ഒന്നിലേറെ സ്ഥലങ്ങളില്‍ ഡ്രൈ റണ്‍ സംഘടിപ്പിച്ചിരുന്നു.