ജിഎസ്ടി നഷ്ടപരിഹാരം: കേന്ദ്ര നിര്‍ദേശം ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി

Update: 2020-08-29 17:00 GMT

തിരുവനന്തപുരം: ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കെതിരേ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര നിര്‍ദേശം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ജിഎസ്ടി നഷ്ടപരിഹാരം പൂര്‍ണമായും കേന്ദ്രം നല്‍കിയേ മതിയാകൂ എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അത് സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.

നഷ്ടപരിഹാരത്തിന് വായ്പയെടുക്കാനുള്ള ചുമതല സംസ്ഥാനങ്ങളെ ഏല്‍പ്പിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ഇത് നഷ്ടം വരുത്തിവയ്ക്കും. സംസ്ഥാനങ്ങള്‍ എടുക്കുന്ന വായ്പയ്ക്ക് കേന്ദ്ര സര്‍ക്കാരിനേക്കാള്‍ 1.52 ശതമാനം പലിശ നല്‍കേണ്ടി വരും. അതേസമയം കേന്ദ്ര സര്‍ക്കാര്‍ വായ്പ പരിധി എത്ര ശതമാനം ഉയര്‍ത്തുമെന്നതും അനിശ്ചിതമാണ്. നഷ്ടപരിഹാരത്തിന് എടുക്കുന്ന വായ്പ പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ വിധം വായ്പാ പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അത്രയും സാധാരണഗതിയിലുള്ള വായ്പയില്‍ നിന്ന് വെട്ടിക്കുറയ്ക്കപ്പെടും. ഒരോ സംസ്ഥാനത്തിനുമുള്ള നഷ്ടപരിഹാരത്തില്‍ വലിയ ഏറ്റകുറച്ചിലുകളുണ്ട്. അതനുസരിച്ച് ഓരോ സംസ്ഥാനത്തിനും അനുവദിക്കുന്ന ധനകമ്മിയിലെ ഇളവും വ്യത്യസ്തമാവും. ഇത് പ്രായോഗികമായ ബുദ്ധിമുട്ടുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേ നിലപാടാണ് മിക്കവാറും സംസ്ഥാനങ്ങളും ഉയര്‍ത്തിയിട്ടുള്ളത്.

കഴിഞ്ഞ വര്‍ഷത്തെ പോലെ കാര്യങ്ങള്‍ നടക്കുമായിരുന്നെങ്കില്‍ ഉണ്ടാകുന്ന നഷ്ടവും കൊവിഡ് മൂലമുണ്ടാകുന്ന നഷ്ടവും വേര്‍തിരിച്ച് വേണം നഷ്ടപരിഹാരം കണക്കാക്കാനെന്നാണ് കേന്ദ്രത്തിന്റെ വാദം. സാധാരണഗതിയിലുണ്ടാകുന്ന നഷ്ടത്തിന് കേന്ദ്രം വായ്പയെടുത്ത് നല്‍കാമെന്നും കൊവിഡ് മൂലമുണ്ടായ നഷ്ടത്തിന് സംസ്ഥാനങ്ങള്‍ ഉത്തരവാദിത്തം വഹിക്കണമെന്നും കേന്ദ്രം വാദിച്ചു.

2020-21 സാമ്പത്തിക വര്‍ഷത്തെ നഷ്ടപരിഹാരത്തിനുള്ള തുക പൂര്‍ണമായും കടമെടുക്കുന്നതിന് റിസര്‍വ് ബാങ്കുമായി കേന്ദ്രം നേരിട്ട് സഹായം നല്‍കുമെന്നാണ് മറ്റൊരു നിര്‍ദേശം. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് നിര്‍ദേശങ്ങളിലും തിരിച്ചടവ് സെസ് ഫണ്ടില്‍ നിന്നായിരിക്കും. ഇതിനായി സെസ് പിരിവ് അഞ്ച് വര്‍ഷത്തില്‍നിന്ന് മൂന്ന് വര്‍ഷം കൂടി ഉയര്‍ത്തും.

ജിഎസ്ടി. നഷ്ടപരിഹാരം കൊവിഡ് മൂലമുള്ളത്, സാധാരണരീതിയിലുള്ളത് എന്നിങ്ങനെ വേര്‍തിരിക്കുന്നത് നിയമപരമല്ലെന്നാണ് സംസ്ഥാനം വാദിക്കുന്നത്. ഇത് ഭരണഘടനാ വിരുദ്ധവുമാണ്. നഷ്ടപരിഹാരത്തിന് കേന്ദ്രം വായ്പ എടുത്ത് നല്‍കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Similar News